അക്ഷരം വായന വേദി ശില്പശാല നടത്തി
Thursday, November 24, 2016 10:17 AM IST
ജിദ്ദ: ‘അക്ഷരം വായന വേദി ജിദ്ദ’ കഥ ശില്പശാല നടത്തി. പ്രശസ്ത സാഹിത്യകാരനും ആക്ടിവിസ്റ്റുമായ കെ.പി രാമനുണ്ണി നയിച്ച ‘ഒരു കഥ ജനിക്കുന്നു’ എന്ന തലക്കെട്ടിൽ നടന്ന ശില്പശാല സാഹിത്യ കുതുകികളും തുടക്കക്കാരുമായ എഴുത്തുകാർക്കും ആസ്വാദകർക്കും ഹൃദ്യമായ അനുഭവമായി മാറി.

‘അവനവനെ ശക്‌തമായി ആവിഷ്കരിക്കാനുള്ള മനുഷ്യന്റെ ത്വരയാണ് സാഹിത്യമെന്നും ഒരേ ഒരു ജന്മം മാത്രമുള്ള മനുഷ്യന് ഒരുപാട് ജന്മങ്ങൾ ജീവിക്കാനുള്ള അവസരം സാഹിത്യം നൽകുന്നുവെന്നും കെ.പി. രാമനുണ്ണി പറഞ്ഞു. അനുഭവത്തിൽ നിന്നും ഉറവയെടുക്കുന്ന വൈകാരികവും വൈചാരികവുമായ വിക്ഷോഭവും ജീവിത വീക്ഷണവും ചേർന്ന് കാലവും ദേശവും ചിത്രീകരിക്കുമ്പോഴാണ് മികച്ച സൃഷ്‌ടികൾ ഉണ്ടാകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സർഗശേഷി ഒരു വരദാനമാണ്. അത് സാഹിത്യ സൃഷ്‌ടിയിൽ ഒരു ഒഴുക്കായി മാറണം. വിവരങ്ങൾ ശേഖരിച്ച് നിർമിക്കുന്നത് മികച്ച രചനകളാവില്ല. ആശംസകളർപ്പിച്ചുകൊണ്ട് പ്രശസ്ത കഥാകൃത്ത് അബു ഇരിങ്ങാട്ടിരി അഭിപ്രായപ്പെട്ടു. ശില്പശാലയിൽ ഹംസ ഏലാന്തി സ്വന്തം കഥ അവതരിപ്പിച്ചു. റൗഫ് മുരുകൻ കാട്ടാക്കടയുടെ കവിത ‘നെല്ലിക്ക’ ആലപിച്ചു.

ശറഫിയ അൽറയാൻ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ അക്ഷരം വായന വേദി ചീഫ് കോഓർഡിനേറ്റർ മൂസക്കുട്ടി വെട്ടിക്കാട്ടിരി അധ്യക്ഷത വഹിച്ചു. അക്ഷരം വായനവേദി കോഓർഡിനേറ്റർ അബ്ദുൽ കബീർ മുഹ്സിൻ, അബ്ദുൾ റസാഖ് മാസ്റ്റർ, സൈനുൽ ആബിദീൻ, എൻ.കെ അഷ്റഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ