ട്രംപ് ജയിച്ചത് റഷ്യൻ അട്ടിമറിയിലൂടെയെന്ന് റിപ്പോർട്ട്
Thursday, November 24, 2016 10:15 AM IST
ബർലിൻ: യുഎസ് തെരഞ്ഞെടുപ്പ് റഷ്യൻ ഹാക്കർമാർ അട്ടിമറിച്ചെന്ന് ആരോപണവുമായി രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധർ രംഗത്ത്. നിർണായക സംസ്‌ഥാനങ്ങളിൽ ഇലകട്രോണിക് മെഷീൻ ഉപയോഗിച്ചുള്ള പോളിംഗ് അട്ടിമറിച്ചെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡെമോക്രാറ്റുകളുടെ ഇമെയിലുകൾ ഹാക്കർമാർ ചോർത്തിയെന്നും ഇവർ ആരോപിക്കുന്നു.

സംസ്‌ഥാനങ്ങളിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യം ശക്‌തമായി ഉന്നയിക്കാൻ ഡെമോക്രാറ്റിക് സ്‌ഥാനാർഥിയായിരുന്ന ഹില്ലരി ക്ലിന്റൻ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. ആവശ്യം അംഗീകരിച്ചാൽ അടുത്ത ദിവസം തന്നെ വോട്ടെണ്ണലിന് ഹില്ലരി അപേക്ഷ നൽകണം. എന്നാൽ, അവർ അതിന് തയാറല്ലെന്നാണ് സൂചന.

അട്ടിമറി നടന്നുവെന്ന വാദങ്ങൾക്ക് തെളിവ് നിരത്തി 18 പേജ് വരുന്ന റിപ്പോർട്ട് ഉടൻ പുറത്തിറക്കുമെന്നും അവർ അറിയിച്ചു. തെരഞ്ഞെടുപ്പിനു മുമ്പു നടന്ന അഭിപ്രായ സർവേകളിലെല്ലാം ഹില്ലരിക്ക് മുൻതൂക്കം കൽപിച്ചിരുന്ന മൂന്ന് സംസ്‌ഥാനങ്ങളാണ് പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ എന്നിവ. മൂന്നിൽ രണ്ടിടത്തും ഹില്ലരി നേരിയ വോട്ടുകൾക്ക് പരാജയപ്പെടുകയാണുണ്ടായത്.

മിഷിഗനിലെ അന്തിമ ഫലം ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ട്രംപിന് വ്യക്‌തമായ മുൻതൂക്കമുണ്ട്. പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് പോളിംഗ് നടന്ന കൗണ്ടികളെ അപേക്ഷിച്ച്, ഇലകട്രോണിക് വോട്ടിംഗ് നടന്ന കൗണ്ടികളിൽ, ട്രംപിന് ക്രമാതീതമായ മുൻതൂക്കമുള്ളതായി ഇവർ ചൂണ്ടിക്കാട്ടുന്നു. ഡേവിഡ് ഗ്രീൻവാൾഡ് എന്ന മാധ്യമപ്രവർത്തകനാണ് ഈ അസന്തുലിതത്വം ആദ്യം ചൂണ്ടിക്കാണിച്ചത്.

നാഷണൽ വോട്ടിംഗ് റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്‌ഥാപകൻ ജോൺ ബൊനിഫസ്, മിഷിഗൻ സർവകലാശാലയിലെ കംപ്യൂട്ടർ സെക്യൂരിറ്റി ആൻഡ് സൊസൈറ്റി ഡയറക്ടർ പ്രഫ. അലക്സ് ഹൽദർമാൻ തുടങ്ങിയവരാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ ഉപദേശകയും തെരഞ്ഞെടുപ്പ് വിദഗ്ധയുമായ ഡോ. ബാർബറ സൈമൺസ് ഇവരുടെ അഭിപ്രായത്തോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ