എല്ലാ സിറിയക്കാർക്കും ജർമനിയിൽ അഭയാർഥിത്വം നൽകേണ്ടതില്ല: കോടതി
Thursday, November 24, 2016 10:15 AM IST
ബർലിൻ: എല്ലാ സിറിയക്കാർക്കും ജർമനി അഭയാർഥിത്വം അനുവദിക്കേണ്ടതില്ലെന്ന് ഫെഡറൽ കോടതി വിധി. ഇതോടെ ആയിരക്കണക്കിന് സിറിയൻ കുടുംബങ്ങൾ അതിർത്തിക്ക് പുറത്താകാൻ വഴിയൊരുങ്ങി.

സിറിയൻ സർക്കാർ പ്രതിപക്ഷ ചിന്താഗതിയുള്ള മുഴുവൻ നാട്ടുകാരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നു എന്നു കരുതാനാവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. നാട്ടിലേക്കു തിരിച്ചു പോകുന്ന സിറിയക്കാർ മുഴുവൻ അറസ്റ്റോ വിചാരണയോ പീഡനമോ നേരിടേണ്ടി വരുമെന്ന് ഉറപ്പാണോ എന്നും കോടതി ചോദിച്ചു. ആണെങ്കിൽ മാത്രമേ മുഴുവൻ സിറിയക്കാർക്കും പൗരത്വമല്ലാതെ ഒരു മാനദണ്ഡവും നോക്കാതെ അഭയാർഥിത്വം അനുവദിക്കാൻ കഴിയൂ എന്നും കോടതി നിരീക്ഷിച്ചു.

സിറിയയിൽ കാര്യങ്ങൾ വ്യവസ്‌ഥാപിതമായല്ല നടക്കുന്നത് എന്നു മനസിലാക്കുന്നു. അതിനാൽ തന്നെ ഓരോ സിറിയൻ അഭയാർഥിയുടെയും കാര്യത്തിൽ അവരവരുടെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള തീരുമാനമാണ് ജർമൻ അധികൃതർ സ്വീകരിക്കേണ്ടതെന്നും കോടതിയുടെ നിരീക്ഷണത്തിൽ പറയുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ