സോളാർ ഇംപൾസ് 2 സ്വിറ്റ്സർലൻഡിൽ തിരികെയെത്തി
Thursday, November 24, 2016 7:04 AM IST
സൂറിച്ച്: ആദ്യ സോളാർ വിമാനം സോളാർ ഇംപൾസ് 2 സ്വിറ്റ്സർലൻഡിൽ തിരികെയെത്തി. സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനമാണ് സോളാർ ഇംപൾസ് 2. ബോയിംഗ് 747 വിമാനത്തിലാണ് സോളാർ വിമാനം തിരികെ സ്വിറ്റ്സർലൻഡിലെത്തിച്ചത്.

40,000 കിലോമീറ്റർ വിമാനം താണ്ടിയ ഇംപൾസ് 2, അഞ്ച് രാത്രിയും പകലും നീണ്ട സാഹസിക യാത്രയ്ക്കുശേഷമാണ് അബുദാബിയിൽ നിന്നും സൂറിച്ചിലെ മിലിട്ടറി എയർഫീൽഡിൽ എത്തിച്ചത്. ബെർ ട്രാൻഡ് പിക്കാർഡും ആൻഡ്റേ ബോർഷ് ബെർഗുമാണ് ഈ വിമാനത്തിന്റെ ഉപജ്‌ഞാതാക്കൾ. 13 വർഷം നീണ്ട ഇന്ധനമില്ലാത്ത വിമാനമെന്ന ഇവരുടെ സ്വപ്നമാണ് സൂര്യതാപമുപയോഗിച്ച് പറക്കുന്ന വിമാനത്തിന്റെ കണ്ടുപിടുത്തത്തിലൂടെ യാഥാർഥ്യമായത്.

തങ്ങളുടെ ദൗത്യ വിജയത്തെപ്പറ്റി ചോദിച്ചപ്പോൾ ഇത് തങ്ങളുടെ കുഞ്ഞാണ്, വീടാണ്, സുഹൃത്താണ്, ഞങ്ങളുടെ സാഹസികത കഴിഞ്ഞിരിക്കുന്നു. എന്നാൽ പരീക്ഷണം തുടരും ബെർട്രാൻഡും ആൻഡ്റേയും പറഞ്ഞു.

രണ്ടായിരം ഫ്ളൈറ്റ് മണിക്കൂറായിരുന്നു സോളാർ വിമാനത്തിനുണ്ടായിരുന്നത്. ഇനി 1300 ഫ്ളൈറ്റ് മണിക്കൂർ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ വിമാനം തത്കാലം മിലിട്ടറി ബേസിൽ കിടക്കുമെങ്കിലും താമസിയാതെ ഏതെങ്കി ലും മ്യൂസിയത്തിനു കൈമാറണമെന്ന ആഗ്രഹമാണ് ഞങ്ങൾക്കുള്ളത്. ഇതൊരു ചരിത്ര ദൗത്യമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

2009 ലാണ് ഡ്യൂബൻ ഡോർഫിൽ നിന്ന് സോളാർ വിമാനം ആദ്യ പരീക്ഷണപറക്കൽ നടത്തിയത്. 30 സെക്കന്റ് മാത്രമായിരുന്നു പരീക്ഷണ പറക്കൽ.

2015 മാർച്ച് ഒമ്പതിന് അബുദാബായിൽ നിന്നാരംഭിച്ച സോളാർ വിമാനത്തിന്റെ സാഹസികയാത്ര ഹാവായിലേക്കായിരുന്നു. ഇന്ത്യ, ചൈന, കലിഫോർണിയ, ന്യൂയോർക്ക്, യൂറോപ്പിലെ നഗരങ്ങൾ എന്നിവ പിന്നിട്ട് അബുദാബായിൽ തന്നെ യാത്ര അവസാനിപ്പിച്ച വിമാനത്തിന്റെ മുടക്കുമുതൽ 170 മില്യൺ സ്വിസ് ഫ്രാങ്കാണ്. സോൾവേ, ഒമേഗാ, ഷിൻഡലർ, എബിബി, ഗൂഗിൾ തുടങ്ങിയ കമ്പനികളാണ് സ്പോൺസർമാർ.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ