അലിക് മാത്യുവിന് സ്വീകരണവും മേഴ്സിസൈഡിലെ ജിസിഎസ്ഇ പ്രതിഭകൾക്ക് അനുമോദനവും
Thursday, November 24, 2016 6:57 AM IST
ലണ്ടൻ: യുക്മ ദേശീയ കലാമേളയിൽ കലാപ്രതിഭാ കിരീടം ചൂടിയ അലിക് മാത്യുവിനും 2016 ജിസിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും ലിംക സ്വീകരണം നൽകുന്നു. നവംബർ 26ന് (ശനി) ഉച്ചകഴിഞ്ഞ് 2.30 മുതൽ ബ്രോഡ് ഗ്രീൻ ഇന്റർനാഷണൽ സ്കൂളിലാണ് ചടങ്ങുകൾ.

പ്രസംഗം പദ്യം ചൊല്ലൽ മത്സരങ്ങളിൽ ഉയർന്ന ഗ്രേഡ് നേടി ഒന്നാം സ്‌ഥാനത്തെത്തിയ അലിക് വളരെ കടുത്ത മത്സരം നേരിട്ടാണ് കിരീടത്തിനവകാശിയായത്. ലിവർപൂളിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ലിമയുടെ വർഷങ്ങളോളം പ്രസിഡന്റും ആയിരുന്ന മാത്യു അലക്സാണ്ടറിന്റെയും സിൻലെറ്റ് മാത്യുവിന്റെയും മകനാണ് അലിക്.

GCSE പരീക്ഷകളിൽ മേഴ്സിസൈഡിൽനിന്നും സ്തുത്യർഹമായ വിജയം കൈവരിച്ച് അക്കാഡമിക് തലങ്ങളിൽ മികവ് പ്രകടിപ്പിച്ച യുവ പ്രതിഭകളെയും ലിംക അവാർഡ് നൈറ്റ് വേദിയിൽ അനുമോദിക്കും. ലിംക ഔട്ട്സ്റ്റാന്റിംഗ് അക്കാഡമിക് അച്ചീവ്മെൻറ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത് 14 എ സ്റ്റാറുകൾ വാങ്ങിയ റോഷൻ പോൾ കാർത്തികപ്പള്ളിൽ ആണ്. എ സ്റ്റാറും എ യും കരസ്‌ഥമാക്കിയ എയ്മി സണ്ണി, ജോയൽ ജോസ്, സൈബീയ മെറിൻ ബിജു, അനഘ ജേക്കബ്, ഐലീൻ ആന്റോ എന്നിവരാണ് ലിംക അക്കാഡമിക് എക്സലൻസ് അവാർഡിന് അർഹരായവർ. കൂടാതെ ലിംക ചിൽഡ്രൻസ് ഫെസ്റ്റ് മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.

അവാർഡ് നൈറ്റിന് യുകെയിലെ പ്രശസ്ത കലാകാരികൾ അവതരിപ്പിക്കുന്ന നൃത്തങ്ങളും രാഗമാലിക യുകെയുടെ സംഗീത വിരുന്നും കൊഴുപ്പേകുന്നു.

ആനുകാലിക വിഷയങ്ങളെ അടിസ്‌ഥാനമാക്കിയ സംവാദം, ലിംക ക്വിസ് മൽസരങ്ങളുടെ ഗ്രാൻഡ് ഫിനാലെ എന്നീ പ്രോഗ്രാമുകളും അവാർഡ് നൈറ്റിന്റെ സവിശേഷതകളായിരിക്കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ചെയർപേഴ്സൺ ബിജു മാത്യു (സെക്രട്ടറി), ജോബി (ട്രഷറർ), തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

വിലാസം: ബ്രോഡ് ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ, ഹീലിയേഴ്സ് റോഡ്, ഓൾഡ്സ്വാൻ, ലിവർപൂൾ L13 4DH

വിവരങ്ങൾക്ക് 07576983141.

റിപ്പോർട്ട്: ബിജു പീറ്റർ