ഇലക്ട്രിക് കാർ വിപണി കീഴടക്കാൻ ഫോക്സ് വാഗൻ
Wednesday, November 23, 2016 10:16 AM IST
ബർലിൻ: 2025 ആകുന്നതോടെ ആഗോള ഇലക്ട്രിക് കാർ വിപണിയിൽ ഒന്നാം സ്‌ഥാനം പിടിച്ചെടുക്കുമെന്ന് ജർമൻ കാർ നിർമാതാക്കളായ ഫോക്സ് വാഗൻ. ബ്രാൻഡ് മേധാവി ഹെർബർട്ട് ഡൈസിന്റേതാണ് പ്രസ്താവന.

മലിനീകരണ തട്ടിപ്പ് വിവാദത്തിൽ ആഗോള തലത്തിൽ വൻ തിരിച്ചടി നേരിട്ട കമ്പനി ഇപ്പോൾ നഷ്‌ടം നികത്താൻ ദീർഘകാലാടിസ്‌ഥാനത്തിൽ ഇലക്ട്രിക് കാർ മേഖലയിലാണ് ശ്രദ്ധ ചെലുത്തുന്നത്. ഇതു ലക്ഷ്യം കാണുമെന്നും പുകമറയിൽ ഉണ്ടായ നഷ്ടം നികത്താമെന്നുമാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

2025 ആകുന്നതോടെ പ്രതിവർഷം പത്തു ലക്ഷം ഇലക്ട്രിക് കാറുകൾ വിറ്റഴിക്കാൻ കമ്പനിക്കു സാധിക്കുമെന്നാണ് ഡൈസ് അവകാശപ്പെടുന്നത്. ഇലക്ട്രിക് കാറുകൾ ഫോക്സ് വാഗന്റെ മുഖമുദ്ര തന്നെയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

2020 ഓടെ മുപ്പതിനായിരം പേരെ പിരിച്ചുവിടുമെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായാണിത്. ഇലക്ട്രിക് കാർ നിർമാണശേഷി വർധിപ്പിക്കാൻ പുതിയ നിക്ഷേപങ്ങളായിരിക്കും ഉപയോഗിക്കുക.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ