ക്ലിൻസ്മാൻ യുഎസ് പരിശീലകസ്‌ഥാനത്തുനിന്ന് തെറിച്ചു
Wednesday, November 23, 2016 10:16 AM IST
ബർലിൻ: യുഎസ് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്‌ഥാനത്തുനിന്ന് യുർഗൻ ക്ലിൻസ്മാനെ (52) പുറത്താക്കി. കോസ്റ്ററിക്കയോടേറ്റ കനത്ത പരാജയത്തെ (4–0) തുടർന്നാണ് അധികൃതർ ക്ളിൻസിക്ക് ചുവപ്പുകാർഡ് നൽകിയത്. അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സുനിൽ ഗുലാത്തിയാണ് ക്ലിൻസ്മാനെതിരെ നടപടിയെടുത്തത്.

2018 ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ഗ്രൂപ്പിൽ അവസാനക്കാരാണ് യുഎസ്എ ഇപ്പോൾ. മെക്സിക്കോയോടും നേരത്തെ പരാജയപ്പെട്ടിരുന്നു.

ജർമനിയുടെ മുൻ സൂപ്പർ താരവും പരിശീലകനുമായിരുന്ന ക്ലിൻസ്മാൻ അഞ്ചു വർഷമായി യുഎസിന്റെ മുഖ്യ പരിശീലകനാണ്. 2014 ലെ ബ്രസീൽ വേൾഡ്കപ്പിൽ അമേരിക്കയെ എത്തിച്ചതും ക്ലിൻസിയാണ്.

2006 ലെ വേൾഡ് കപ്പിൽ ജർമനിയുടെ പരിശീലകനായിരുന്ന ക്ലിൻസ്മാൻ 2008/09 ൽ ബയേൺ മ്യൂണിക്കിന്റെയും കോച്ചായി. 2011 ലാണ് കോച്ചായി അമേരിക്കയിലേയ്ക്കു ചുവടുമാറ്റിയത്. 1990 ലെ വേൾഡ്കപ്പിൽ ജർമനി മുത്തമിടുമ്പോൾ ക്ലിൻസി ടീമിൽ അംഗമായിരുന്നു. 1996 ലെ യുവേഫ കപ്പ് ജർമനി നേടിയപ്പോഴും ജർമനിയുടെ പടക്കുതിരയായി ടീമിൽ ഉണ്ടായിരുന്നു. 1995 ൽ ജർമനിയുടെ ഏറ്റവും നല്ല കളിക്കാരൻ എന്ന പട്ടവും ക്ലിൻസ്മാൻ സ്വന്തമാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ചത്തെ നടന്ന മത്സരത്തിൽ കോസ്റ്ററിക്ക എതിരില്ലാത്ത നാലു ഗോളിനാണ് യുഎസിനെ കീഴടക്കിയത്. 36 വർഷത്തിനിടെ (1957) യോഗ്യതാ റൗണ്ടിൽ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്.

മെക്സിക്കോയോട് 1–2നായിരുന്നു തോൽവി. ഗ്രൂപ്പിൽ ആദ്യ മൂന്നു സ്‌ഥാനത്തെത്തുന്നവർക്കു മാത്രമാണ് കോൺകകാഫ് മേഖലയിൽനിന്ന് ലോകകപ്പ് യോഗ്യത ലഭിക്കുക. കോസ്റ്ററിക്ക, മെക്സിക്കോ, പനാമ എന്നിവരാണ് ഇപ്പോൾ ആദ്യ മൂന്നു സ്‌ഥാനങ്ങളിൽ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ