തുൾസി ഗബാർഡ് ട്രംപിനെ സന്ദർശിച്ചു
Wednesday, November 23, 2016 8:46 AM IST
വാഷിംഗ്ടൺ: ഹവായിൽ നിന്നുളള യുഎസ് കോൺഗ്രസ് അംഗം തുൾസി ഗബാർഡ് നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സന്ദർശിച്ച് ചർച്ച നടത്തി. തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ട്രംപിനെ സന്ദർശിക്കുന്ന ആദ്യ ഡമോക്രാറ്റിക് പാർട്ടി കോൺഗ്രസ് അംഗമാണ് തുൾസി.

ഡമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരിക്കെതിരെ ശക്‌തമായ നിലപാടുകൾ സ്വീകരിച്ച് ബർണിക്കുവേണ്ടി പ്രചാരണരംഗത്ത് സജീവ സാന്നിധ്യമായി ഗബാർഡ് നിലകൊണ്ടു. ഡമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥി നിർണയ കമ്മിറ്റിയിൽ ബർണി സാന്റേഴ്സിനുവേണ്ടി വാദിക്കുന്നതിനു പാർട്ടി ചെയർ വൈസ് ചെയർ സ്‌ഥാനം രാജിവച്ചത് രാഷ്ര്‌ടീയ വൃത്തങ്ങളെ ഞെട്ടിപ്പിച്ചിരുന്നു.

യുഎസ് കോൺഗ്രസിലെ ആദ്യ ഹിന്ദു അംഗം എന്ന ബഹുമതി തുൾസിക്കാണ് ലഭിച്ചിട്ടുളളത്. ട്രംപ് ടീമിൽ സ്‌ഥാനം ലഭിക്കാവുന്ന ഏക ഡെമോക്രാറ്റിക് പ്രതിനിധിയായിരിക്കും തുൾസിയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യൻ സമൂഹവുമായി ഉറ്റ ബന്ധം പുലർത്തുന്ന ഗബാർഡ് പൊതു തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിലേക്ക് വിജയിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ