ജനസേവന രംഗത്ത് വേറിട്ട മാതൃകയായി പ്രവാസി വ്യവസായി
Wednesday, November 23, 2016 8:44 AM IST
ദോഹ: ജനസേവന ജീവകാരുണ്യ മേഖലകളിൽ മാതൃകാപരവും വേറിട്ടതുമായ പ്രവർത്തനങ്ങളുമായി പ്രവാസി വ്യവസായി ശ്രദ്ദേയനാകുന്നു. കഴിഞ്ഞ 38 വർഷത്തോളമായി ഗൾഫിന്റെ വിവിധ ഭാഗങ്ങളിൽ ആതുരശ്രൂശൂഷാ രംഗത്ത് സജീവ സാന്നിധ്യവും നേതൃത്വവും നൽകുന്ന ഷിഫ അൽ ജസീറ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ.ടി. റബീഉള്ളയാണ് സംരഭകർക്കും ജനസേവകർക്കും പുതിയ മാതൃക കാണിക്കുന്നത്.

കാലാവസ്‌ഥ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിന്റെ പല ഭാഗങ്ങളിലും ജല ഭൗർലഭ്യം നേരിടുകയാണ്. വരും മാസങ്ങളിൽ ശുദ്ധജല ലഭ്യത കൂടുതൽ പ്രയാസം സൃഷ്‌ടിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിലാണ് തന്റെ ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യമായി കുടിവെള്ളം വീട്ടുപടിക്കലെത്തിക്കുന്ന മാതൃക പദ്ധതിക്ക് ഡോ. കെ.ടി. റബീഉള്ള എന്ന പ്രവാസി വ്യവസായി തുടക്കം കുറിക്കുന്നത്.

കിണറുകളും കുഴൽകിണറുകളും വറ്റി വരണ്ട് വേനൽ ചൂടിനെ പേടിക്കുന്ന ഗ്രാമവാസികളുടെ മനസിലേക്ക് കുളിർമ പകരുന്ന പ്രഖ്യാപനമാണ് ഡോ. കെ.ടി റബീഉള്ള നടത്തിയത്. കേരളത്തിൽ എവിടെയാണോ വെള്ളം ലഭ്യമായിട്ടുള്ളത് അവിടെ നിന്നും എല്ലാ സുരക്ഷിതത്വ മാനദണ്ഡങ്ങളും പാലിച്ച് ടാങ്കർ ലോറികളിലാക്കി വെള്ളമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തന രംഗത്തും വർഷങ്ങൾക്ക് മുമ്പുതന്നെ ഡോ. കെ.ടി റബീഉള്ള മാതൃക സൃഷ്‌ടിച്ചത് സ്വന്തം ഗ്രാമത്തെ പൂർണമായും ദത്തെടുത്തു കൊണ്ടാണ്. തന്റെ ഗ്രാമത്തിൽ തൊഴിലില്ലാത്തവരും അവശരുമായ മുഴുവൻ ആളുകൾക്കും പ്രതിമാസം കൃത്യമായി ജീവിത ചെലവുകൾ നൽകുന്ന ബൃഹദ് പദ്ധതിയാണ് വർഷങ്ങൾക്കുമുമ്പു തന്നെ ഈ പ്രവാസി വ്യവസായി നടപ്പിലാക്കിയത്.

കേവലം 600 റിയാൽ ശമ്പളത്തിന് 38 വർഷങ്ങൾക്ക് മുമ്പ് ഗൾഫിലെത്തിയ താൻ ഇന്ന് ഈ നിലയിലെത്തിയത് അള്ളാഹുവിന്റെ അനുഗ്രഹവും എല്ലാ വിഭാഗം ആളുകളുടെ സഹകരണവും കൊണ്ടുമാണ്. ഈ അനുഗ്രഹങ്ങൾക്ക് നന്ദിയും കടപ്പാടും കാണിക്കേണ്ടത് സഹജീവികളുടെ കണ്ണീരൊപ്പിക്കൊണ്ടാണെന്ന് ഞാൻ കരുതുന്നു. വരുമാനത്തിന്റെ 20 ശതമാനത്തോളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവയ്ക്കാനുദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആതുരശുശ്രൂഷ രംഗത്തെ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്ത് ഇന്ത്യാ ഗവൺമെന്റ് പ്രവാസി ഭാരതീയ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ജനസേവന രംഗത്ത് നിരവധി പുരസ്കാരങ്ങൾ വേറെയും ലഭിച്ചിട്ടുണ്ട്. സൗദി, ഖത്തർ, ഒമാൻ, ബഹറിൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിരവധി സംരഭങ്ങൾ ഇദ്ദേഹത്തിനുണ്ട്.

പുരസ്കാരങ്ങൾക്കപ്പുറം ദുരിതങ്ങളും പ്രയാസങ്ങളും നീങ്ങിപോകുമ്പോഴുണ്ടാകുന്ന സഹജീവികളുടെ സന്തോഷത്തെ വിലമതിക്കുന്ന മനസാണ് ഡോ. കെ.ടി റബീഉള്ള എന്ന പ്രവാസി വ്യവസായിയെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നത്.