കരിപ്പൂർ എയർപോർട്ട്: മുഖ്യമന്ത്രി ഇരകളോട് നേരിട്ട് ചർച്ച നടത്തമെന്ന് കൊണ്ടോട്ടി സെന്റർ
Wednesday, November 23, 2016 8:42 AM IST
ജിദ്ദ: കരിപ്പൂർ എയർപോർട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അവസാനിപ്പിക്കാൻ ഇരകളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തണമെന്ന് കൊണ്ടോട്ടി സെന്റർ ജിദ്ദ ആവശ്യപ്പെട്ടു.

ഒരിഞ്ച് ഭൂമിയും വിട്ടു തരില്ല എന്ന മുദ്രാവാക്യം ഉയർത്തി സമരമുഖത്തുള്ള ഇരകളോട് സംവദിക്കാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. ഭൂമി ഏറ്റെടുക്കും എന്ന ഇടയ്ക്കിടെയുള്ള പ്രസ്താവനകൾ കൂടുതൽ പ്രായാസവും ദുരൂഹതയും വർധിപ്പിക്കുന്നതാണ്. കരിപ്പൂർ എയർപോർട്ടിന്റെ വികസന മാതൃക ഇതുവരെ ഗവർമെന്റ് പുറത്തിറക്കിയിട്ടില്ല. എത്ര ഏക്കർ സ്‌ഥലം കൃത്യമായി വേണം എന്നതിൽ അവ്യക്‌തത തുടരുകയാണ്. മുഖ്യധാര രാഷട്രീയ പാർട്ടികൾ അവരുടെ നിലപാട് വ്യക്‌തമാക്കാത്തത് സംശയം ഉളവാക്കുന്നു. ഞങ്ങൾ വികസനത്തിനൊപ്പമാണ് എന്ന് തോന്നിപ്പിക്കുന്ന അടവുകൾ മാത്രമാണ് ഇപ്പോൾ തുടരുന്നത്.

വരുമാനത്തിൽ രാജ്യത്ത് നാലാം സ്‌ഥാനത്ത് എത്തിയിരുന്ന കരിപ്പൂർ എയർപോർട്ട് സ്വകാര്യ വ്യക്‌തികളുടെ താത്പര്യങ്ങളിലേക്ക് മാറുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഇതിനിടെ നിരവധി സമര പരിപാടികളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു കഴിഞ്ഞു. എന്നാൽ ഇവരുടെ പ്രതിഷേധവും സമയവും സമ്പത്തും കാണാതെ പോവുകയാണ് അധികാരി വർഗം.

കൊണ്ടോട്ടി സെന്റർ ജിദ്ദ നടത്തിയ പ്രതിഷേധ യോഗത്തിൽ ഭാരവാഹികളായ സലിം മധുവായി എ.ടി. ബാവ തങ്ങൾ, റഷീദ് മങ്കായി കബീർ കൊണ്ടോട്ടി, റഫീഖ് ചെറുശേരി, നാസർ ഇത്താക്ക മസ്തഫ അമ്പലപ്പള്ളി, റഫീഖ് മങ്കായി, ജാഫർ കൊടവണ്ടി ബാബു എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ