മാർത്തോമ ഇടവക സഹിഷ്ണുത മാസാചരണവും കൊയ്ത്തുത്സവവും 25ന്
Wednesday, November 23, 2016 5:08 AM IST
അബുദാബി: മാർത്തോമ ഇടവകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സഹിഷ്ണുത മാസാചരണത്തിന്റെ പ്രഖ്യാപനവും കൊയ്ത്തുത്സവവും നവംബർ 25ന് (വെള്ളി) നടക്കും.

രാവിലെ എട്ടിന് നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. വിശ്വാസികൾ ആദ്യഫലപെരുന്നാൾ വിഭവങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും. ഉച്ചകഴിഞ്ഞ് 3.15ന് വിളംബരയാത്രയോടെ കൊയ്ത്തുത്സവത്തിന് തുടക്കം കുറിക്കും.

നാലിനു നടക്കുന്ന പൊതുസമ്മേളനത്തിൽ സഹിഷ്ണുതകാര്യ മന്ത്രി ഷെയ്ഖ് ലുബ്ന ബിന്റ് അൽ ക്വാസ്മി സഹിഷ്ണുത മാസാചരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി സന്ദേശ പതാക കൈമാറും.

തുടർന്ന് ഇടവകാങ്കണത്തിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന കൊയ്ത്തുത്സവവിപണികൾ സജീവമാകും. കേരളീയ ഭക്ഷണങ്ങളുടെ പെരുമയുമായി തയാറാക്കിയിരിക്കുന്ന മുപ്പതോളം ഫുഡ് സ്റ്റാളുകളാണ് മേളയുടെ മുഖ്യാകർഷണം. 18 സ്റ്റാളുകളിൽ ഭക്ഷണം തത്സമയം പാചകം ചെയ്തു ലഭിക്കും. വ്യാപാരസ്‌ഥാപനങ്ങൾ, അലങ്കാരച്ചെടികൾ, ക്രിസ്മസ് അലങ്കാരങ്ങൾ, വിനോദ മത്സരങ്ങൾ എന്നിവയും കൊയ്ത്തുത്സവത്തിന്റെ ഭാഗമായിരിക്കും. കലാ സാംസ്കാരിക വിനോദപരിപാടികളും ഗാനമേള, ബേബി ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഹിറ്റ് എഫ്എം ആർ.ജെ. മായ നേതൃത്വം നൽകും. പ്രവേശന കൂപ്പണിൽനിന്നും നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് 20 സ്വർണ നാണയങ്ങൾ ഉൾപെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകും.

സഹിഷ്ണുത മാസാചരണത്തിന്റെ ഭാഗമായി സെമിനാർ, എക്സിബിഷൻ, കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം, ലേബർ ക്യാമ്പിലെ സഹോദരർക്കായി സ്നേഹ കൂട്ടായ്മ എന്നിവയും സംഘടിപ്പിക്കുമെന്ന് വികാരി റവ. പ്രകാശ് ഏബ്രഹാം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സഹവികാരി റവ. ഐസക് മാത്യു, ജനറൽ കൺവീനർ പാപ്പച്ചൻ ദാനിയേൽ, ഇടവക ട്രസ്റ്റിമാരായ സുരേഷ് തോമസ്, പ്രവീൺ കുര്യൻ, സെക്രട്ടറി ഒബി വർഗീസ്, പബ്ലിസിറ്റി കൺവീനർ നിഖി ജേക്കബ്, തമ്പി എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള