സീറോ മലബാർ കത്തീഡ്രലിൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷിച്ചു
Wednesday, November 23, 2016 3:05 AM IST
ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രലിൽ ഇടവക സമൂഹമൊന്നാകെ ചേർന്ന് മുതിർന്നവരെ ആദരിച്ചു. നവംബർ 13–നു രാവിലെ പതിനൊന്നിനു പ്രത്യേക കൃതജ്‌ഞതാ ബലിയർപ്പണവും തുടർന്നു അതിമനോഹരമായ ആഘോഷങ്ങളും നടന്നു. മുഖ്യകാർമികനായിരുന്ന ഫാ. ജോസ് ഭരണികുളങ്ങരയോടൊപ്പം ഇടവക വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസി. വികാരി ഫാ. ജയിംസ് ജോസഫ്, രൂപതാ ഫിനാൻസ് ഓഫീസർ ഫാ. പോൾ ചാലിശേരി, ഫാ. പോൾ കൂനംപറമ്പത്ത്, ഫാ. മത്തായി തോണിക്കുഴിയിൽ എന്നിവർ പങ്കുചേർന്നു. വചന സന്ദേശം നൽകിയ ഫാ. മത്തായി തോണിക്കുഴിയിൽ കുഞ്ഞുമക്കളെ ദൈവ വിശ്വാസത്തിൽ വളർത്തുവാനും അവരുടെ സ്വഭാവ രൂപീകരണത്തിൽ വലിയൊരു പങ്കു വഹിക്കുവാനും മുതിർന്നവർക്ക് കഴിയുമെന്നും, ഏവർക്കുമായി പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞു.

ഇടവകയിൽ പ്രവർത്തിക്കുന്ന വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്. പാരീഷ് ഹാളിൽ വച്ചു നടന്ന സമ്മേളനത്തിലേക്ക് വിമൻസ് ഫോറം പ്രസിഡന്റ് ലില്ലി തച്ചിൽ ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്തു. സെക്രട്ടറി ഷൈനി ഹരിദാസും, ട്രഷറർ സൂസൻ ചാമക്കാലയും അടങ്ങുന്ന കമ്മിറ്റിക്കും, എല്ലാ വിമൻസ് ഫോറം പ്രവർത്തകർക്കും നന്ദി അറിയിച്ച ലില്ലി എല്ലാ ഗ്രാന്റ് പേരന്റ്സിനുമായി പ്രാർത്ഥിക്കുന്നതായും അവരുടെ ആവശ്യങ്ങളിൽ എന്നും വിമൻസ് ഫോറത്തിന്റെ സഹായ സഹകരണങ്ങളുണ്ടാകുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.



ഉച്ചഭക്ഷണവും, വിവിധ കലാപരിപാടികളും, വളരെ രസകരമായ ചോദ്യോത്തര വേളയും ഒരുക്കിയത് ഏറെ ഹൃദ്യമായി. ചിക്കാഗോയിലെ പ്രമുഖ വ്യക്‌തിത്വങ്ങളിലൊന്നായ ജോൺ ഇലക്കാട്ട് നൽകിയ സന്ദേശത്തിൽ കൊച്ചുമക്കളും, അവരുടെ ഗ്രാന്റ് പേരന്റ്സുമായിട്ടുള്ള ബന്ധങ്ങളുടെ ഹൃദ്യവശങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലച്ചൻ തന്റെ സന്ദേശത്തിൽ എല്ലാ മാതാപിതാക്കളേയും അത്യധികം ആദരിക്കുന്നതായും, അവരുടെ സേവനം ഈ ഇടവക അത്യധികം മൂല്യത്തോടെ കാണുന്നുവെന്നും പറയുകയുണ്ടായി. വളരെ സന്തോഷകരമായിരുന്നു ഈ അനുഭവമെന്ന് പങ്കെടുത്ത ഏവരും അഭിപ്രായപ്പെട്ടു. ബീന വള്ളിക്കളം എം.സിയായിരുന്നു. ഷൈനി ഹരിദാസ് നന്ദി പ്രകാശിപ്പിച്ചു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം