അമേരിക്ക അവസരങ്ങളുടേയും പാരമ്പര്യത്തിന്റേയും കലവറ: മൈക്ക് സ്പാനോ
Wednesday, November 23, 2016 3:04 AM IST
ന്യൂയോർക്ക്: അമേരിക്ക അവസരങ്ങളുടേയും, പാരമ്പര്യത്തിന്റേയും കലവറയാണെന്നും, അവ പാഴാക്കാതെ പ്രയോജനപ്പെടുത്തണമെന്നും യോങ്കേഴ്സ് സിറ്റി മേയർ മൈക്ക് സ്പാനോ ഉദ്ബോധിപ്പിച്ചു. യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ സൺഡേ സ്കൂൾ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തി ഭാവി സുരക്ഷിതമാക്കാൻ കുട്ടികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. കുട്ടികൾ ഭാവിയുടെ വാഗ്ദാനമാണ്. നല്ല രീതിയിൽ അവരെ വഴി കാട്ടുക, മാതാപിതാക്കളോടായി മേയർ ഉപദേശിച്ചു.

നവംബർ 20–നു ഞായറാഴ്ച സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ സന്ദർശനത്തിനെത്തിയ മേയർ സ്പാനോയെ വികാരി വെരി. റവ. ചെറിയാൻ നീലാങ്കൽ, സെക്രട്ടറി ഏബ്രഹാം മൂലയിൽ, ട്രഷറർ കോര വർഗീസ്, ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഏബ്രഹാം തോമസ്, മാത്യു ജോർജ് എന്നിവർ ചേർന്നു സ്വീകരിച്ചു. വി. കുർബ്ബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഡേവിഡ് കുര്യാക്കോസ് അമേരിക്കൻ ദേശീയ ഗാനമാലപിച്ചു. ജോയിന്റ് സെക്രട്ടറി ടോബിൻ ജോർജ് സ്വാഗത പ്രസംഗം നടത്തി. വികാരി വെരി. റവ. ചെറിയാൻ നീലാങ്കൽ തന്റെ പ്രസംഗത്തിൽ, സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ ചരിത്രവും, യോങ്കേഴ്സ് സിറ്റിയുമായി പള്ളിയ്ക്കുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും സംസാരിച്ചു.



സൺഡേ സ്കൂൾ കുട്ടികളുടെ സമൂഹഗാനത്തെ മേയർ പ്രത്യേകം പ്രശംസിച്ചു. സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക യോങ്കേഴ്സിൽ നിലനിൽക്കുന്നതിൽ മേയർ അതീവ സന്തുഷ്‌ടി പ്രകടിപ്പിക്കുകയും, പള്ളിക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. മേയറുടെ താങ്ക്സ്ഗിവിംഗ് ഫണ്ടിലേക്കുള്ള പള്ളിയുടെ പാരിതോഷികം ട്രഷറർ കോര വർഗീസ് അദ്ദേഹത്തിന് കൈമാറി. സെക്രട്ടറി ഏബ്രഹാം മൂലയിൽ നന്ദി പ്രകാശിപ്പിച്ചു. ഗ്രൂപ്പ് ഫോട്ടോ സെഷനിൽ ആദ്യാവസാനം വരെ വളരെ സന്തോഷത്തോടെ മേയർ സഹകരിച്ചു. ടോബി ജോർജ് എംസിയായി പ്രവർത്തിച്ചു.

മേയറുടെ സ്പെഷ്യൽ അസിസ്റ്റന്റ് ഹോപ്പ് കോക്സൺ, വെറ്ററൻസ് അസിസ്റ്റന്റ് ട്രീസാ ബാർബഗാലോ എന്നിവരും മേയറോടൊപ്പം പരിപാടിയിൽ സന്നിഹിതരായിരുന്നു. സമ്മേളനത്തിനുശേഷം മേയർ ചായ സൽക്കാരത്തിൽ പങ്കെടുക്കുകയും, ഏബ്രഹാം മൂലയിൽ, കോര വർഗീസ്, ഏബ്രഹാം തോമസ്, മാത്യു ജോർജ് എന്നിവരോടൊപ്പം പള്ളിയും പരിസരങ്ങളും നടന്നു കണ്ട് വിവരങ്ങൾ മനസ്സിലാക്കുകയും പള്ളിക്കു വേണ്ട എല്ലാ സഹായസഹകരണങ്ങളും സിറ്റി ഓഫ് യോങ്കേഴ്സിൽ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

പള്ളി സന്ദർശിക്കാൻ ക്ഷണിച്ചതിലും, അംഗങ്ങളുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയതിലും മേയർ അതീവ സന്തുഷ്‌ടി പ്രകടിപ്പിച്ചു. യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്കുവേണ്ടി പി.ആർ.ഒ. കുരിയാക്കോസ് തരിയൻ അറിയിച്ചതാണ് ഈ വിവരങ്ങൾ.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ