സർക്കോസി രാഷ്ര്‌ടീയം ഉപേക്ഷിക്കുന്നു
Tuesday, November 22, 2016 10:18 AM IST
പാരീസ്: ഫ്രാൻസിന്റെ മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസി സജീവ രാഷ്ര്‌ടീയം ഉപേക്ഷിക്കുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സെന്റർ റൈറ്റ് സ്‌ഥാനാർഥിയാകാനുള്ള മത്സരത്തിൽ മൂന്നാം സ്‌ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

സ്വതന്ത്ര വിപണിയുടെയും ഉദാരവത്കരണത്തിന്റെയും വക്‌താവായ മുൻ പ്രധാനമന്ത്രി ഫ്രാൻസ്വ ഫില്ലനാണ് സ്‌ഥാനാർഥിയാവാനുള്ള മത്സരത്തിൽ ഒന്നാമതെത്തിയത്. 44 ശതമാനം വോട്ട് അദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇനി തന്റെ പിന്തുണ ഫില്ലനായിരിക്കുമെന്ന് സർക്കോസി പ്രഖ്യാപിക്കുകയും ചെയ്തു.

മറ്റൊരു മുൻ പ്രധാനമന്ത്രി അലയ്ൻ ജൂപ്പെയാണ് സ്‌ഥാനാർഥിത്വ മത്സരത്തിൽ രണ്ടാമത്. ഇവർ തമ്മിലുള്ള മത്സരത്തിൽ ആദ്യമെത്തുന്നവർക്കായിരിക്കും പാർട്ടി സ്‌ഥാനാർഥിയാകാനുള്ള നിയോഗം.

മറൈൻ ലെ പെൻ ആയിരിക്കും തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ സ്‌ഥാനാർഥിയെന്ന് ഉറപ്പായിക്കഴിഞ്ഞു. ഭരണത്തിലിരിക്കുന്ന സോഷ്യലിസ്റ്റുകൾക്ക് തമ്മിലടി കാരണം അടിത്തറ നഷ്‌ടപ്പെട്ടു കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ