ഫരീദാബാദ് രൂപതയിൽ കാരുണ്യവർഷാചരണം സമാപിച്ചു
Tuesday, November 22, 2016 9:38 AM IST
ന്യൂഡൽഹി: ആഗോള കത്തോലിക്കാ സഭയിൽ ഒരു വർഷമായി ആചരിച്ചുകൊണ്ടിരിക്കുന്ന കാരുണ്യവർഷാചരണത്തിന് സമാപനം കുറിച്ച് ഫരീദാബാദ് രൂപതയിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിച്ചു.

ക്രിസ്തുവിന്റെ രാജത്വതിരുനാളായ നവംബർ 20ന് ക്രിസ്തുരാജ കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയിലും കാരുണ്യവർഷ സമാപന പ്രാർഥനകളിലും രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും പാസ്റ്റർ കൗൺസിൽ അംഗങ്ങളും നിരവധി വിശ്വാസികളും പങ്കെടുത്തു.

കരുണയുടെ ജൂബിലി വർഷം അവാസനിച്ചുവെങ്കിലും ക്രിസ്തുവിന്റെ കരുണ അവസാനമില്ലാത്ത ദൈവിക ഭാവമാണെന്നും അത് വറ്റാത്ത ഉറവയാണെന്നും മാർ ഭരണികുളങ്ങര പറഞ്ഞു. ഈ വർഷം കരുണയുടെ വാതിലിലൂടെ പ്രവേശിച്ചത് കരുണയുടെ ഭവനത്തിലേക്കാണ്. കരുണയുടെ വാതിൽ അടയ്ക്കുന്നതിലൂടെ ഇനി കരുണയുടെ ഭവനത്തിൽനിന്നും നാം ഒരിക്കലും പുറത്തേയ്ക്കിറങ്ങരുതെന്നും എല്ലായ്പോഴും നാം കരുണയുള്ളവരായി ജീവിക്കണമെന്നുമാണ് ജൂബിലി സമാപനം നമ്മെ ഓർമപ്പെടുത്തുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. കരുണയുടെ ചൈതന്യം ഈ കാരുണ്യവർഷത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ തുടർന്നും നമ്മൂടെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും കൂടുതൽ പ്രകാശിതമാക്കാൻ കരുണയുടെ ഭവനങ്ങൾ സന്ദർശിക്കുന്നതിലൂടെ നമുക്ക് സാധിക്കുമെന്ന് മാർ ഭരണികുളങ്ങര ഉദ്ബോധിപ്പിച്ചു.

തുടർന്ന് കരുണയുടെ പുതുതായി തുറക്കുന്ന സാന്ജോപുരം ചിൽഡ്രൻസ് വില്ലേജ്, ഗുഡ്ഗാവ് സ്നേഹധാം ഓൾഡ് ഏജ് ഹോം, ബുറാടി ശാന്തിഭവൻ ഓൾഡ് ഏജ് ഹോം, ഗാസിയാബാദ് ജീവൻധാര റീഹാബിലിറ്റേഷൻ സെന്റർ എന്നിവിടങ്ങളിലെ സുപ്പീരിയർമാർക്ക് മെത്രാപ്പോലീത്ത തിരികൾ കത്തിച്ചുനൽകി. തുടർന്ന് രുപത കോടതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. വികാരി ജനറാൾ മോൺ. ജോസ് ഇടശേരി സംസാരിച്ചു. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്