മെർക്കൽ മനസു തുറന്നു ; വീണ്ടും ചാൻസലർ സ്‌ഥാനാർഥി
Tuesday, November 22, 2016 2:58 AM IST
ബർലിൻ: നാലാമൂഴവും ജർമൻ ചാൻസലറായി മത്സരിക്കാനുറച്ചു മെർക്കൽ തന്റെ നിലപാടു വെളിപ്പെടുത്തിയതോടെ അടുത്ത തെരഞ്ഞെടുപ്പിൽ ജർമനിയുടെ ചാൻസലർ സ്‌ഥാനാർഥി ആരാണന്നുള്ള വാർത്തകൾക്കു വിരാമമായി. ഒടുവിൽ ആംഗല മെർക്കൽ മനസ് തുറന്നതോടെ നാലാം വട്ടവും ജർമൻ ചാൻസലർ സ്‌ഥാനത്തേക്കു മത്സരിക്കാൻ തയാറാണെന്ന് അവർ പാർട്ടിയെ അറിയിച്ചു.

ബ്രെക്സിറ്റും ഡോണൾഡ് ട്രംപിന്റെ വിജയവും സമ്മാനിച്ച ആശങ്കകൾക്കു പിന്നാലെ ശുഭ സൂചനയായാണ് പല ലോക രാജ്യങ്ങളും ഇതിനെ വിലയിരുത്തുന്നത്. ജർമനിയുടെ ഭരണ സ്‌ഥിരത യൂറോപ്യൻ യൂണിയന് നിർണായകമാണ് എന്നതുതന്നെ കാരണം.

ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയന്റെ യോഗത്തിലാണ് മെർക്കൽ പ്രഖ്യാപനം നടത്തിയത്. 2005 ലാണ് അവർ ആദ്യമായി ചാൻലസറാകുന്നത്. 2017 സെപ്റ്റംബറിലാണ് അടുത്ത തെരഞ്ഞെടുപ്പ്.

മെർക്കലിനു പറ്റിയൊരു പിൻഗാമിയെ കണ്ടെത്താൻ സിഡിയുവിന് ഇതുവരെ സാധിക്കാതിരുന്ന പശ്ചാത്തലത്തിൽ, അവർ വീണ്ടും മത്സരിക്കാൻ സന്നദ്ധത അറിയിച്ചത് പാർട്ടിക്കും ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.

ജർമനിയുടെ അതിരുകൾ തുറന്നിട്ട മെർക്കലിന്റെ അഭയാർഥി നയം ഏറെ വിമർശിക്കപ്പെട്ടെങ്കിലും ആഗോള രാഷ്ര്‌ടീയത്തിലെ പുതിയ ധ്രുവീകരണങ്ങൾ കാരണം അവർ ചാൻസലറായി തുടരുന്നത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയെന്ന വിലയിരുത്തൽ ശക്‌തമാണ്.

യുഎസ് പ്രസിഡന്റെന്ന നിലയിൽ അവസാനത്തെ വിദേശ പര്യടനത്തിനിറങ്ങിയ ബറാക് ഒബാമ ജർമനി വിടും മുൻപ് ഒരു കാര്യം പറഞ്ഞിരുന്നു. ‘എനിക്കിവിടെ വോട്ടുണ്ടായിരുന്നെങ്കിൽ ഞാനത് ആംഗല മെർക്കലിനു കൊടുത്തേനെ’ ജർമനിയുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളിലെയൊക്കെ പൊതുവികാരം തന്നെയാണ് ഒബാമ പ്രകടിപ്പിച്ചത്. ജർമൻ ചാൻസലറായി മൂന്നു ടേം പിന്നിടുന്ന മെർക്കൽ ഒരുവട്ടം കൂടി ആ കസേരയിൽ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവർ യൂറോപ്പിനു പുറത്ത് ഏറെയാണ്. അതെ, യൂറോപ്പിനു പുറത്ത്. യൂറോപ്പിനുള്ളിലും സ്വന്തം രാജ്യത്തിനുള്ളിൽ പോലും ആ വികാരം അത്ര ശക്‌തമാണെന്നു കരുതാവുന്ന അവസ്‌ഥയല്ല ഇപ്പോൾ.

എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിലും മെർക്കൽ മത്സര രംഗത്തുണ്ടാവുമെന്നു തീർച്ചയായതോടെ തെരഞ്ഞെടുപ്പ് അടുത്തു വരുന്തോറം പാർട്ടിക്കുള്ളിലും സഖ്യകക്ഷികൾക്കിടയിലുമൊക്കെ അവർക്ക് പിന്തുണ ഏറി വരുകയാണ്. മത്സരിക്കുന്ന കാര്യത്തിൽ മെർക്കൽ ഇപ്പോൾ ലോകത്തിനു മുന്നിൽ മനസ് തുറക്കുകയും ചെയ്തു. വീണ്ടും മത്സരിക്കാൻ മുൻപ് രണ്ടു വട്ടം തീരുമാനിച്ചപ്പോഴും അതു പ്രഖ്യാപിക്കാൻ ഇത്ര വൈകിയിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ മെർക്കലിന്റെ നാലാമൂഴം വിജയം ഉറപ്പിക്കാവുന്ന സാഹചര്യം ഇപ്പോൾ അത്ര എളുപ്പമല്ല. ഇപ്രാവശ്യം തെരഞ്ഞെടുപ്പം ഏറ്റവും കടുത്തതാവും എന്നു മെർക്കൽതന്നെ അടിവരയിട്ടു പറയുന്നത് പരാജയഭീതി മുന്നിൽ കണ്ട് അല്ലെങ്കിലും എന്തോ ഒരു ഭയപ്പാട് അവരെ അലട്ടുന്നുണ്ടെന്നുള്ളതു തന്നെ. നിലവിലെ വിശാല മുന്നണിയിലെ സഖ്യകക്ഷിയായ എസ്പിഡി അവരുടെ സ്‌ഥാനാർഥിയായി ഇതുവരെ ആരെയും ഉയർത്തിക്കാട്ടിയിട്ടില്ല എന്നതും മെർക്കൽ ക്യാമ്പിൽ ആശ്വാസമാകുന്നുണ്ട്. പക്ഷെ എഫ്ഡി എന്ന കുടിയേറ്റ വിരുദ്ധ പാർട്ടി ഒരു തരത്തിൽ മെർക്കലിനും കൂട്ടർക്കും തലവേദന സൃഷ്ടിക്കുന്നത് ഏതുതരത്തിൽ ചെറുക്കുമെന്നാണ് കണ്ടറിയേണ്ടത്.

അഭയാർഥി പ്രശ്നം ഒന്നു മാത്രമായിരുന്നു മെർക്കലിന്റെ കാര്യത്തിൽ ഇതുവരെ തുടർന്നിരുന്ന സംശയത്തിന്റെ അടിസ്‌ഥാനം. നാടുകടത്താൻ വിധിക്കപ്പെട്ട ബാലികയോട്, മറ്റു മാർഗമില്ലെന്നു നേരിട്ടു പറഞ്ഞ് കരയിച്ച മെർക്കലിന്റെ ദൃശ്യം മറക്കാറായിട്ടില്ല. പക്ഷേ, അതിനു പിന്നാലെ ഈ വിഷയത്തിൽ അവരുടെ നിലപാടിൽ വന്ന മാറ്റം അതിലേറെ ശ്രദ്ധിക്കപ്പെട്ടു, ആഗോള തലത്തിൽ തന്നെ. സിറിയയിൽനിന്നും ഇറാക്കിൽനിന്നും അഫ്ഗാനിസ്‌ഥാനിൽനിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമെല്ലാമുള്ള അഭയാർഥികൾക്കായി ജർമനിയുടെ അതിർത്തികൾ മലർക്കെ തുറക്കുന്നതാണ് പിന്നെ ലോകം കണ്ടത്.

മെർക്കൽ പ്രകടിപ്പിച്ച ഈ അസാധാരണ മാനുഷിക മുഖം പക്ഷേ, യൂറോപ്പിനെയും ജർമനിയെയും ഞെട്ടിച്ചുകളഞ്ഞു. യൂറോപ്പിലേക്കുള്ള അഭയാർഥി പ്രവാഹത്തിന് ആക്കം കൂട്ടുന്നതായിരുന്നു ഈ നടപടി. കഴിഞ്ഞ ഒറ്റ വർഷം ജർമനിയിൽ മാത്രമെത്തിയത് ഒമ്പതു ലക്ഷം അഭയാർഥികളാണ്. ഈ കുത്തൊഴുക്കിൽ പാർട്ടിയും സഖ്യകക്ഷികളും പോലും മെർക്കലിനെ കൈവിട്ടപ്പോഴും പ്രതിപക്ഷം പിന്തുണ കൊടുത്തു. സഹോദര പാർട്ടി പോലും തള്ളിപ്പറഞ്ഞതോടെ മെർക്കലിന് ചാൻസലർ കസേരയിൽ ഇനിയൊരവസരമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറപ്പിച്ചതുമാണ്. പക്ഷെ അതെല്ലാം ഇപ്പോൾ മാറി മാറിമറിഞ്ഞിരിക്കുന്നു. മെർക്കലിനെതിരെ ഉയർത്തിക്കാട്ടാൻ മറ്റൊരു നേതാവ് നിലവിൽ ജർമനിയിൽ ഇല്ല എന്നുള്ള കാര്യം രാജ്യത്തെ എല്ലാ പാർട്ടികളും അംഗീകരിക്കുന്ന വസ്തുതയാണ്. അടുത്ത പ്രസിഡന്റ് സ്‌ഥാനാർഥിയായി നിലവിലെ വിദേശകാര്യമന്ത്രിയും എസ്പിഡിക്കാരനുമായ ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറെ മെർക്കലും പാർട്ടിയും പിന്താങ്ങിയതോടെ മെർക്കലിന്റെ സ്‌ഥാനാർഥിത്വവും വിജയത്തിന്റെ ശതമാനവും ഏറെക്കുറെ അരയ്ക്കിട്ടറപ്പിക്കുന്നതാണ്.

പ്രാദേശിക, സ്റ്റേറ്റ് ഇലക്ഷനുകളിലും മറ്റും തീവ്ര വലതുപക്ഷ പാർട്ടികൾ വൻ മുന്നേറ്റം നടത്തിയപ്പോൾ അതും മെർക്കലിന്റെ അഭയാർഥി നയത്തിന്റെ പരിണത ഫലമായി വിലയിരുത്തപ്പെട്ടു. എന്നാൽ, കാര്യത്തോടടുക്കുമ്പോൾ മെർക്കലിനൊരു ബദൽ എന്ന നിലയ്ക്ക് ഉയർത്തിക്കാട്ടാൻ പാർട്ടിയിൽ (ക്രിസ്റ്റ്യൻ ഡെമൊക്രറ്റിക് യൂണിയൻ) ആളില്ലാത്ത അവസ്‌ഥയാണ്. അവരുടെ വ്യക്‌തി പ്രഭാവത്തോടു കിട നിൽക്കാൻ പ്രതിപക്ഷത്തു പോലും വലിയൊരു നേതാവില്ല.

തുടരെ മൂന്നു ടേമുകൾ ചാൻസലറായിരുന്നെങ്കിലും പ്രായം ഇപ്പോഴും മെർക്കലിന് അനുകൂല ഘടകമാണ്. 62 വയസ് രാഷ്ട്രീയത്തിൽ ഒരു പ്രായമേയല്ല. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 75 വയസുള്ള ബേണി സാൻഡേഴ്സ് സ്‌ഥാനാർഥിയാകാൻ ശ്രമിക്കുന്നതു കണ്ടതാണ്. ഒടുവിൽ, 69 വയസുള്ള ഹില്ലരി ക്ലിന്റനെ മറികടന്നാണ് 70 വയസുള്ള ഡോണൾഡ് ട്രംപ് ജയിച്ചു കയറിയത്. യുകെയുടെ പുതിയ പ്രധാനമന്ത്രി തെരേസ മേക്ക് വയസ് അറുപതായി, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദിനുമുണ്ട് 62.

മെർക്കലിന്റെ വർക്കഹോളിക് സ്വഭാവവും ഭരണ പരിചയവും അവർക്കിപ്പോൾ പ്ലസ് പോയിന്റാണ്. ജർമനിയും യൂറോപ്പും അഭയാർഥി പ്രശ്നവും ബ്രെക്സിറ്റും അടക്കമുള്ള കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ മെർക്കലിന്റെ പ്രാഗൽഭ്യം ഒരു ടേമിലേക്കു കൂടി ഉപയോഗപ്പെടുത്തണം എന്ന വിലയിരുത്തൽ ശക്‌തമാണിപ്പോൾ.

ഹെൽമുട്ട് കോൾ ആണ് ജർമനിയിൽ ഏറ്റവും കൂടുതൽ കാലം ചാൻസലറായിരുന്നിട്ടുള്ളത്, പതിനാറു വർഷം. ഒരു ടേം കൂടി കിട്ടിയാൽ മെർക്കലിന് ആ റിക്കാർഡിനൊപ്പമെത്താം. അക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് മെർക്കലും പിന്നെ ജർമൻ ജനതയും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ