ഹൊബാർട്ട് പേജന്റിൽ കേരളം റണ്ണേഴ്സ് അപ്
Monday, November 21, 2016 8:36 AM IST
ഹൊബാർട്ട്: ഓസ്ട്രേലിയൻ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു നടക്കുന്ന ചരിത്രപ്രസിദ്ധമായ പേജന്റ് മേളയിൽ മലയാളികൾക്ക് രണ്ടാം സ്‌ഥാനം. 62 രാജ്യങ്ങളുടെ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കേരള ടീമിന്റെ കോസ്റ്റ്യൂംസും ഒത്തിണക്കവും ആണ് അവാർഡിന് അർഹമാക്കിയതെന്നു സംഘാടകർ പറഞ്ഞു.

വിവിധ സംസ്കാരങ്ങൾ പ്രദർശിപ്പിക്കുന്ന സാംസ്കാരിക ഘോഷയാത്രയായ പേജന്റ് ടാസ്മാനിയ സംസ്‌ഥാനത്താണ് ആദ്യം തുടക്കമാവുന്നത്.

കേരളത്തിന്റെ തനതു കലാരൂപങ്ങളായ മോഹിനിയാട്ടം, ഒപ്പന, ചെണ്ടമേളം തുടങ്ങി നിരവധികലാരൂപങ്ങളും ചുണ്ടൻ വള്ളം തുഴഞ്ഞുള്ള ഘോഷയാത്രയും മഹാബലിയും പുലികളിയും ഉൾപെടെയുള്ള ഓണ വിഭവങ്ങളും കൗതുകം നിറച്ചു. ടാസ്മാനിയ സംസ്‌ഥാന തലസ്‌ഥാന നഗരിയിൽ തടിച്ചു കൂടിയ മുപ്പതിനായിരത്തോളം കാണികളെയും ഏറെ ആകർഷിച്ചത് പുലികളി ആയിരുന്നുവെന്ന് ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പുലികളി ടീമിലെ കുട്ടിപ്പുലിക്കൊപ്പം സെൽഫിയെടുക്കാൻ ഓസ്ട്രേലിയക്കാർ മത്സരിച്ചതും കൗതുകമുണർത്തി. ഹൊബാർട്ട് മലയാളി അസോസിയേഷന്റെ നേതൃത്വത്തിലാണ് കേരളം ടീം ഘോഷയാത്രയിൽ പങ്കെടുത്തത്. നൂറ്റാണ്ടുകളായി നടന്നു വരുന്ന ക്രിസ്മസ് പേജന്റിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ ടീമിന് പ്രാതിനിത്യം ലഭിക്കുന്നത്.

അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി ജോസഫ് അഞ്ചാനിയും ഡോ. ബിനോജ് വർഗീസുമാണ് മലയാളി സംഘത്തെ നയിച്ചത്.