മാധ്യമശ്രീ പുരസ്കാരം സമ്മാനിച്ചു
Monday, November 21, 2016 8:34 AM IST
ഹൂസ്റ്റൺ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ*മാധ്യമശ്രീ പുരസ്കാരം പ്രമുഖ ടെലിവിഷൻ ജേർണലിസ്റ്റും നിയമസഭയിലെ ആറന്മുളയുടെ പ്രതിനിധിയുമായ വീണ ജോർജിന് സമ്മാനിച്ചു. നവംബർ 19ന് ഹൂസ്റ്റണിലെ ഇന്ത്യാ ഹൗസിൽ നടന്ന ചടങ്ങിൽ വൈസ് കോൺസൽ ആർ.ഡി.ജോഷിയുടെ സാന്നിധ്യത്തിൽ എം.ബി.രാജേഷ് എംപി പുരസ്കാരം സമർപ്പിച്ചു.

അധ്യാപനത്തിൽ നിന്നും പത്രപ്രവർത്തനത്തിലെത്തി അവിടെനിന്നും ജനപ്രതിനിധിയുടെ റോൾ ഏറ്റെടുത്ത അപൂർവ നേട്ടത്തിനുടമയാണ് വീണ ജോർജ്. അർപ്പണ ബോധമുളള മാധ്യമപ്രവർത്തകയായ വീണയുടെ രാഷ്ര്‌ടീയ പ്രവേശനത്തിലൂടെ ജനപക്ഷത്തു നിന്ന് പോരാടിയ ഒരു മാധ്യമ പ്രവർത്തക നിയമസഭയിലെത്തിയിരിക്കുകയാണ്. ഇന്ത്യ പ്രസ്ക്ലബിന്റെ മാധ്യമശ്രീ പുരസ്കാരത്തിന് അർഹയായ ആദ്യ വനിതയെന്ന ബഹുമതിയും ഇതോടെ വീണ ജോർജിന് സ്വന്തം.

ഒരുകാലത്ത് സ്ത്രീകൾ കടന്നുവരാൻ മടിച്ച മേഖലയിൽ സമീപകാലത്തെത്തി എണ്ണം പറഞ്ഞ നേട്ടങ്ങൾ കീഴടക്കിയ വനിതയെന്ന നിലയിലാണ് വീണയുടെ മാധ്യമശ്രീ പുരസ്കാരലബ്ദി. വിനോദ പരിപാടികളുടെ അവതാരകരെന്ന നിലയിൽ മാത്രം സ്ത്രീകളെ വിലയിരുത്തിയിരുന്ന പ്രേക്ഷകരിലേയ്ക്ക് തീക്ഷ്ണമായ രാഷ്ര്‌ടീയ സാമൂഹിക സാംസ്കാരിക വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ട് കടന്നുവന്ന വീണ, ഈ മേഖലയിലെ പുരുഷാധിപത്യത്തെ തകർത്തെറിഞ്ഞ ടെലിവിഷൻ സാന്നിധ്യമാണെന്ന് ജോസ് കടാപ്പുറം*പറഞ്ഞു.

പാലക്കാട് ലോക്സഭാമണ്ഡലത്തിൽ രണ്ടാം വട്ടവും വിജയക്കൊടി പാറിച്ച എം.ബി. രാജേഷ് പാർലമെന്റിലെ മികച്ച പ്രകടനംകൊണ്ട് മണ്ഡലത്തിലും സംസ്‌ഥാനത്തും മാത്രമല്ല ദേശീയതലത്തിൽതന്നെ ശ്രദ്ധേയമായ പാർലമെന്ററി സാന്നിധ്യമാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ പാർലമെന്റ് പ്രവർത്തനത്തിനിടയിൽ മികച്ച എംപിക്കുള്ള നിരവധി പുരസ്കാരങ്ങൾ എം.ബി.രാജേഷിനെ തേടിയെത്തിയിട്ടുണ്ട്. സാമൂഹിക സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പാർലമെന്റിലെ അഗ്രഗണ്യനായ രാജേഷ് കിടയറ്റ ഗ്രന്ഥകർത്താവും മികവുറ്റ വാഗ്മിയുമാണെന്ന് സുനിൽ തൈമറ്റം പറഞ്ഞു.*

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ശിവൻ മുഹമ്മ അധ്യവഹിച്ച യോഗത്തിൽ എം.ബി.രാജേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. ഇതുവരെ ലഭിച്ച അംഗീകാരങ്ങളെ എല്ലാം പിന്നിലാക്കുന്നതാണ് ഇന്ത്യ പ്രസ് ക്ലബിന്റെ ‘മാധ്യമശ്രീ’പുരസ്കാരമെന്നും ഇതിന് അർഹയായതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത് ഒരു മാധ്യമപ്രവർത്തക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലുമുള്ള തന്റെ ഉത്തരവാദിത്തം ഇരട്ടിപ്പിക്കുന്നുവെന്നും*മറുപടി പ്രസംഗത്തിൽ വീണ ജോർജ് പറഞ്ഞു.

പ്രസ്ക്ലബിന്റെ സുവനീർ പ്രകാശനം ജോയിസ് തോന്ന്യാമലയ്ക്കും കോശി തോമസിനും നൽകി വീണ ജോർജ് നിർവഹിച്ചു. ചടങ്ങിൽ കെൻ മാത്യു, ഏബ്രഹാം ഈപ്പൻ, ജി.കെ.പിള്ള, രാജു പളളത്ത്, മാത്യു വർഗീസ്, പോൾ കറുകപ്പള്ളി, കൃഷ്ണ കിഷോർ, അനിയൻ ജോർജ്, വിനോദ് കോണ്ടൂർ, പി.പി.ചെറിയാൻ, സുനിൽ ട്രൈസ്റ്റാർ, ജീമോൻ ജോർജ്, മനു തുരുത്തിക്കാടൻ, ജയിംസ് വർഗീസ്, ഇന്ത്യ പ്രസ് ക്ലബിന്റെ നിയുക്‌ത*പ്രസിഡന്റ് മധു കൊട്ടാരക്കര, ഇന്ത്യാ പ്രസ്ക്ലബ് ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രസിഡന്റ് അനിൽ ആറന്മുള, ഇന്ത്യ പ്രസ് ക്ലബിന്റെ സെക്രട്ടറി ഡോ.ജോർജ് കാക്കനാട്ട്, ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ജോയ് തുമ്പമൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാമണ്ഡലം ശ്രീദേവിയുടെയും സംഘത്തിന്റേയും നൃത്തനൃത്യങ്ങളും അരങ്ങേറി.