ട്രൈസ്റ്റേറ്റ് കേരളാഫോറം കേരളപിറവി ആഘോഷിച്ചു
Monday, November 21, 2016 8:27 AM IST
ഫിലഡൽഫിയ: കേരള പിറവിയുടെ അറുപതാമത് വാർഷികം ഫിലഡൽഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബർ അഞ്ചിന് ഫിലഡൽഫിയായിലെ അസൻഷൻ ചർച്ച് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.

കലാഭവൻ മണി ഗ്രാമത്തിൽ കാവാലം തിരുവരങ്ങിൽ മൺമറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭകൾക്ക് ആദരവുകൾ അർപ്പിച്ചുകൊണ്ട് ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ സീനിയർ പത്രപ്രവർത്തകനും സാംസ്കാരിക നേതാവുമായ ജോർജ് തുമ്പയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തി. ശ്രേഷ്ടഭാഷ പദവി നേടിയ മലയാളത്തിന്റെ മഹത്വത്തെക്കുിച്ചും അതോടൊപ്പം ഒരു ദേശത്തെ സംസ്കാരം നിലനിൽക്കുന്നത് ആ ദേശത്തെ ഭാഷയെ പരിപോഷിപ്പിക്കുന്നതിലൂടെയാണെന്നും അതിനാൽ നമ്മുടെ മാതൃഭാഷയായ മലയാളത്തെ സംരക്ഷിക്കാൻ ഓരോ മലയാളിക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളപിറവിയോടനുബന്ധിച്ച് ‘നഷ്ടപ്പെടുന്ന കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിന് ജോർജ് നടവയലും അശോകൻ വേങ്ങാശേരിയും നേതൃത്വം കൊടുത്തു. ഇന്ത്യ പ്രസ്ക്ലബ് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ജോബി ജേർജും സെക്രട്ടറി ജോർജ് ഓലിക്കലും മോഡറേറ്ററുന്മാരായി നടത്തിയ ഹില്ലരി–ട്രംപ് ഡിബേറ്റ് ആവേശഭരിതമായിരുന്നു.

സംഘടന പ്രതിനിധികളായ തമ്പി ചാക്കോ, അലക്സ് തോമസ് രാജൻ സാമുവൽ, ജോബി ജോർജ്, ജീമോൻ ജോർജ്, കുര്യൻ രാജൻ, ജോർജ് ജോസഫ്, സജി കരിങ്കുറ്റിയിൽ, ഇന്ദു ജയന്ത്, പി.കെ. സോമരാജൻ, തോമസ് പോൾ, മോഡി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

പൊതുസമ്മേളനത്തിൽ മലയാള മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്റെ മീഡിയ എക്സലൻസ് അവാർഡ് ജോർജ് തുമ്പയിലിന് സമ്മാനിച്ചു. ട്രൈസ്സ്റ്റേറ്റ് കേരള ഫോറം മുൻ ചെയർമാനായ ജീമോൻമോൻ ജോർജിന് ഫിലഡൽഫിയ മേയർ ഓഫീസിൽ നിന്നുള്ള ഏഷ്യൻ അഫയേഴ്സ് കമ്മീഷണറായി നിയമിതനായതിൽ അനുമോദിച്ചുകൊണ്ട് പൊന്നാട അണിയിച്ചു. തുടർന്നു നടന്ന കലാ സാംസ്കാരിക പരിപാടികൾക്ക് അനൂപ് ജോസഫ് നേതൃത്വം നൽകി. കേരള ദിനാഘോഷചെയർമാൻ ജോർജ് ഓലിക്കൽ, ട്രഷറർ സുരേഷ് നായർ എന്നിവർ പ്രസംഗിച്ചു. റോണി വർഗീസ് എംസിയായിരുന്നു. ജിനുമോൻ തോമസ്, റോയി സാമുവൽ, ഡൊമനിക് ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.