പ്രവാസി നാട്ടിൽ കെട്ടിടത്തിനു മുകളിൽനിന്ന് വീണു മരിച്ചു
Monday, November 21, 2016 8:25 AM IST
റിയാദ്: അവധിക്കു നാട്ടിലെത്തിയ പ്രവാസി കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ചു. തൃശൂർ ചെറുതുരുത്തി കിള്ളിമംഗലം സ്വദേശി പടിഞ്ഞാറേപീടികയിൽ ഹൈദ്രോസ്– ജമീല ദമ്പതികളുടെ മകൻ ഇസ്മായിൽ (37) ആണ് മരിച്ചത്.

റിയാദിൽ ഈന്തപ്പഴ കച്ചവടം നടത്തിവരികയായിരുന്ന ഇസ്മായിൽ നാലു മാസം മുമ്പാണ് അവധിക്കു നാട്ടിലെത്തിയത്. പുതിയ വീടിന്റെ നിർമാണ പ്രവർത്തികൾ നടന്നുവരുന്നതിനിടെയാണ് അപകടം. രാവിലെ കെട്ടിടത്തിനു മുകളിൽ ചെറിയ പണികൾ ചെയ്യുന്നതിനിടെ കാലുതെറ്റി വീണ ഇസ്മായിലിനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഇസ്മായിൽ നവംബർ 20ന് പുലർച്ചെ മരിച്ചു. മയ്യിത്ത് കിള്ളിമംഗലം ജുമുഅ മസ്ജിദ് ഖബർസ്‌ഥാനിൽ കബറടക്കി.

ഭാര്യ: ഫൗസിയ. മക്കൾ: സിനാൻ, ജസ്ന, മിൻഹാ ഫാത്തിമ. സഹോദരങ്ങൾ: ഷമീറ, സലീന, ഷജീറ.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ