ഇടതുപക്ഷ കൂട്ടായ്മകൾക്ക് സിപിഎം പിന്തുണ: എം.എ. ബേബി
Monday, November 21, 2016 8:20 AM IST
മെൽബൺ: വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന ഇടതുപക്ഷ മതേതര ചിന്താഗതിക്കാരുടെ കൂട്ടാഴ്മകൾക്കും സംഘടനകൾക്കും പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നു സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി. മെൽബൺ ഇടതുപക്ഷ മതേതര കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേരള പിറവിയുടെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് ‘60 പിന്നിടുന്ന കേരളം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ടെലിഫോണിലൂടെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെൽബണിലും പെർത്തിലും സിഡ്നിയിലും കൂട്ടായ്മകൾ രൂപം കൊള്ളുന്നതിൽ ബേബി സന്തോഷം പങ്കുവച്ചു. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യം അധികാരത്തിൽ വന്ന ശേഷം ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ഇടക്ക് പറ്റുന്ന ചെറിയ തെറ്റുകളും അതാത് സമയത്തു തിരുത്തി മുന്നോട്ടു പോകുന്നു. അതിന്റെ ഭാഗമായി ഒരു മന്ത്രിയെ തന്നെ മാറ്റി നിർത്തേണ്ടി വന്നു. ഇപ്പോൾ നാല് പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സമ്പൂർണ ആരോഗ്യം, സമഗ്രമായ വിദ്യാഭ്യാസ വികസനം, എല്ലാവർക്കും പാർപ്പിട സൗകര്യം, സമഗ്ര ശുചിത്വ ജൈവകൃഷി പദ്ധതികൾ ഇത്തരത്തിൽ ജനക്ഷേമപരമായ പദ്ധതികൾ നടപ്പിലാക്കി മുന്നോട്ടു പോകുന്നതിൽ എല്ലാ പ്രവാസി സുഹൃത്തുകൾക്കും അതിയായ സന്തോഷം ഉണ്ടെന്നു മനസിലാക്കുന്നു.വേണ്ടത്ര മുൻ കരുതലുകൾ എടുക്കാതെ 500, 1000 നോട്ടുകൾ പിൻവലിച്ചത് ഇന്ത്യയിലെ ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുന്നു. ഗുരുതരമായ ഈ പ്രതിസന്ധിക്കു അടിയന്തര പരിഹാരം ഉണ്ടാവണമെന്ന് പാർട്ടി പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടതായും എം.എ. ബേബി പറഞ്ഞു.

ചടങ്ങിൽ തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. പ്രദീഷ് മാർട്ടിൻ, ദിലീപ് രാജേന്ദ്രൻ, രൂപ്ലാൽ, വിൻസ് മത്യു, റോയ് തോമസ്, എബി പൊയ്ക്കാട്ടിൽ, അരുൺ കുമാർ, സേതുനാഥ് പ്രഭാകരൻ, ലോകൻ രവി, ബിനീഷ് കുമാർ, ലിജോമോൻ ചിരപുറത്ത്, ചാറൽ സെൻ് മാത്യു, റെമിതാ മേഴ്സി, അജിത ചിറയിൽ, സാം വർഗീസ്, റിസ്വാൻ ഇസ്മായിൽ, സോജൻ വർഗീസ്, സംജു, അരുൺ ലാലു, ലാലു ജോസഫ്,സിദ്ധാർഥ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു . തുടർന്ന് കലാപരിപാടികളും അത്താഴ വിരുന്നും നടന്നു.