ജാനറ്റ് കൊലക്കേസിന്റെ വിചാരണ തുടങ്ങി
Saturday, November 19, 2016 10:33 AM IST
ബർലിൻ: ജർമനിയിൽ ഇക്കഴിഞ്ഞ ഏപ്രിൽ 12 ന് ജർമൻകാരനായ ഭർത്താവിനാൽ കൊലചെയ്യപ്പെട്ട മലയാളി രണ്ടാംതലമുറക്കായി യുവതി ജാനറ്റ് (34) വധക്കേസിന്റെ വിചാരണ ഡ്യൂയീസ്ബുർഗ് ജില്ലാക്കോടതിയിൽ ആരംഭിച്ചു.

കൊല നടത്തിയതു താനാണെന്ന് ഭർത്താവ് റെനെ അസ്റ്റിലായ സമയത്ത് പോലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ ആദ്യവിസ്താരത്തിൽ റെനെ അക്കാര്യം കോടതിയിൽ മറച്ചുവച്ചുവെങ്കിലും കൊലപാതകത്തിൽ ഇപ്പോൾ താൻ അതീവ ദുഃഖിതനാണെന്നും കോടതിയിൽ പറഞ്ഞു. എന്നാൽ പ്രതി മനഃപൂർവം കരുതിക്കൂട്ടി കൊല നടത്തിയതാണെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. ശ്വാസം മുട്ടിച്ചും ഇലക്ട്രിക് വയറുകൊണ്ട് കഴുത്തു വരിഞ്ഞു മുറുക്കിയും കഴുത്തിനു പിന്നിൽ കറിക്കത്തികൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചുമാണ് കൊല നടത്തിയതെന്നു പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. കൊലയ്ക്കു പിന്നിൽ മൂന്നാലു കാര്യങ്ങളാണ് റെനെ കോടതിയിൽ നിരത്തിയത്. കോടതിയിൽ സമർപ്പിച്ച കേസ് ഡയറി കോടതി പരിശോധിച്ചു വരികയാണ്.

കൊലചെയ്തതിനുശേഷം റെനെ ജാനറ്റിനെ സ്വന്തം വീടിനോടു ചേർന്നുള്ള പൂന്തോട്ടത്തിൽ മറവുചെയ്യുകയാണുണ്ടായത്. പിന്നീട് കാണാനില്ലെന്നു റെനെ തന്നെ വീട്ടുകാരെ അറിയിച്ചു. നാലാഴ്ചത്തെ പോലീസിന്റെ അന്വേഷണത്തിൽ പ്രതി റെനെ തന്നെയാണെന്നു കണ്ടെത്തുകയായിരുന്നു. ഈ ദമ്പതികൾക്ക് ഒന്നരവയസ് പ്രായമുള്ള ആലീസ് എന്നു പേരായ ഒരു പെൺകുട്ടിയുണ്ട്. ജർമൻകാരെയും ജർമനിയിലെ മലയാളികളെയും ഒരുപോലെ നടുക്കിയ ഒരു സംഭവമായിരുന്നു ഈ കൊലപാതകം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ