മൊസാംബിക്കിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 73 പേർ മരിച്ചു
Saturday, November 19, 2016 7:20 AM IST
മാപൂട്ടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു 73 പേർ മരിച്ചു. 110 പേർക്കു പൊള്ളലേറ്റു. തീരദേശമായ ബെയ്റയിൽനിന്ന് പെട്രോളുമായി പോയ ടാങ്കർ മലാവിക്കു സമീപം മറിയുകയായിരുന്നു. മറിഞ്ഞ ടാങ്കർ ലോറിയിൽനിന്നു പെട്രോൾ ശേഖരിക്കാനെത്തിയവരാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിൽ പരിക്കേറ്റവരെ ടെറ്റേ പ്രവിശ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും സർക്കാർവൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനമായ മാപൂട്ടോയിൽനിന്ന് 2000 കിലോ മീറ്റർ അകലെയാണു ടെറ്റേ പ്രവിശ്യ.