ഇസ് ലാമിനെ പഠിക്കേണ്ടത് പ്രമാണങ്ങളിൽ നിന്ന്: അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ
Saturday, November 19, 2016 6:34 AM IST
ജിദ്ദ: ഇസ് ലാമിനെ പഠിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും പ്രമാണങ്ങളിൽ നിന്നായിരിക്കണമെന്നും സൈബർ സൈറ്റുകളിൽ നിന്ന് ഇസ് ലാം പഠിക്കുന്നവരാണ് തീവ്രവാദികളാവുന്നതെന്നും അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ. ഇന്ത്യൻ ഇസ് ലാഹി സെന്റർ ജിദ്ദ നടത്തുന്ന ‘ശാന്ത മനസ്, സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തിലൂന്നിക്കൊണ്ട് സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് മുസ് ലിങ്ങൾ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ജീവിത വ്യവഹാരങ്ങളിലും സ്വഭാവമര്യാദകളിലും ഇസ് ലാമിക ത്തനിമ നിലനിർത്തി ജീവിക്കാൻ മുസ് ലിങ്ങൾക്ക് കഴിയേണ്ടതുണ്ട്. ഏക സിവിൽ കോഡിന്റെ മറപിടിച്ചു ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വിശ്വാസ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ മുജാഹിദ് പ്രസ്‌ഥാനം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും ഒരേലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വ്യത്യസ്ത വിഭാഗങ്ങൾ ഐക്യത്തോടെ പ്രവർത്തിക്കുന്നത് കാലഘട്ടത്തിന്റെ നേട്ടമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇസ് ലാഹി സെന്റർ പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ചു. സെന്റർ ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി കാമ്പയിൻ ലോഗോ ഉദ്ഘാടനം ചെയ്തു. ഷെയ്ഖ് മുഹമ്മദ് ഹമൂദ് ശിമംരി, ഷെയ്ഖ് അഹമദ് അൽ ഗാംധി, വി.പി. മുഹമ്മദലി (ജെഎൻഎച്ച്), അബ്ദുസലാം സ്വലാഹി എന്നിവർ സംസാരിച്ചു. പ്രമേയാവതരണം ശമീർ സ്വലാഹി നിർവഹിച്ചു. സലാഹ് കാരാടൻ, സലിം ഐക്കരപ്പടി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ