ഇന്ത്യയിൽ പുതിയ ഇ പാസ്പോർട്ടുകൾ വരുന്നു
Saturday, November 19, 2016 6:30 AM IST
ഫ്രാങ്ക്ഫർട്ട്–ഡൽഹി: നിലവിലുള്ള ഇന്ത്യൻ പാസ്പോർട്ടുകൾ ഇനി ഓർമയാകാൻ പോകുന്നു. പുതിയ ഇ പാസ്പോർട്ടുകൾ ഉടൻ തന്നെ നിലവിൽ വരും. ഇ പാസ്പോർട്ടുകൾ അവതരിപ്പിക്കുന്നതിലുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് അറിയിച്ചു. വ്യാജ പാസ്പോർട്ടുകളുടെ നിർമാണവും ഉപയോഗവും രാജ്യത്ത് വർധിച്ച് വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഇ പാസ്പോർട്ട് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.

ഇലകട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ പാസ്പോർട്ടിൽ വ്യക്‌തികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. സാധാരണ പാസ്പോർട്ടിൽ നൽകുന്ന വിവരങ്ങൾ ഇനി മുതൽ ഇലകട്രോണിക് ചിപ്പിലാവും രേഖപ്പെടുത്തുക. നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസിന് ഇ പാസ്പോർട്ട് നിർമിക്കാനുള്ള അനുമതി നൽകിയതായും ആഗോള തലത്തിലുള്ള ടെൻഡർ നടപടികൾ സെക്യൂരിറ്റി പ്രസിന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരികയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് പറഞ്ഞു.

പാസ്പോർട്ടിൽ ഭർത്താവ്, ഭാര്യ, അച്ഛൻ, അമ്മ എന്നിവരുടെ പേരുകൾ ചേർക്കുന്നത് ഒഴിവാക്കണമെന്ന വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിർദേശം വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കുകയാണ്. എന്നാൽ ഇതേപ്പറ്റി ഒന്നും പറയാതെയാണ് ഇലകട്രോണിക് ചിപ്പ് പിടിപ്പിച്ച ഇ പാസ്പോർട്ട് നടപ്പിലാക്കാനുള്ള ഗവർമെന്റിന്റെ പുതിയ തീരുമാനം.

റിപ്പോർട്ട്: ജോർജ് ജോൺ