ഡ്രൈവിംഗ് അസിസ്റ്റന്റിന് വിശ്വിസിക്കരുത്: സ്വിസ് റോഡ് സുരക്ഷാ അഥോറിറ്റിയുടെ മുന്നറിയിപ്പ്
Friday, November 18, 2016 9:58 AM IST
സൂറിച്ച്: ഏറ്റവും പുതിയ ഡ്രൈവിംഗ് അസിസ്റ്റന്റ്സ് സംവിധാനത്തെ അന്ധമായി വിശ്വസിക്കരുതെന്ന് സ്വിറ്റ്സർലൻഡ് റോഡ് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ആധുനിക കാറുകൾക്ക് ഡ്രൈവറെ കൂടാതെ തന്നെ നിരവധി കാര്യങ്ങൾ സ്വന്തമായി ചെയ്യുവാൻ കഴിയും. താമസിയാതെ തന്നെ ഡ്രൈവർ രഹിത വാഹനങ്ങൾ നിരത്തിലെത്തുകയും ചെയ്യും. എന്നാൽ ഇത്തരം കാറുകൾ ഏത് സാഹചര്യങ്ങൾക്കും പര്യാപ്തമാണെന്ന് ധരിക്കരുത്. ഡ്രൈവറിൽ നിന്നും താമസിയാതെ കാർ മോണിറ്റർ ഡ്രൈവിംഗ് ഏറ്റെടുക്കുമെങ്കിലും ഇതിനെ കണ്ണുമടച്ച് വിശ്വസിക്കുവാൻ കഴിയില്ലെന്നാണ് റോഡ് സുരക്ഷാ അഥോറിറ്റിയുടെ അറിയിപ്പിൽ പറയുന്നത്.

മറിച്ച് ഒരു െരഡെവർക്കാകട്ടെ ഏത് പ്രതിസന്ധിഘട്ടത്തിലും കാറിന്റെ നിയന്ത്രണം യുക്‌തിസഹജമായി ഏറ്റെടുക്കുവാൻ കഴിയും. സുരക്ഷാ അഥോറിറ്റിയുടെ മുന്നറിയിപ്പനുസരിച്ച് ഡ്രൈവർമാർ താമസിയാതെ കാഴ്ചക്കാരായി മാറുമ്പോൾ, ശാസ്ത്ര സാങ്കേതിക വിദ്യക്ക് അപകടരഹിത യാത്ര ഉറപ്പു നൽകുവാൻ കഴിയുന്നില്ല.

വാഹന നിർമാതാക്കൾ തങ്ങളുടെ പുതിയ വാഹനങ്ങളുടെ പരിമിതികൾ പ്രത്യേകം ഓർമിപ്പിക്കുന്നു. ഈ കാറുകൾ പരീക്ഷണഘട്ടത്തിലായതിനാൽ യാത്രയിലുടനീളം ഡ്രൈവർമാർ സ്റ്റിയറിംഗിൽ കൈകൾ വയ്ക്കണമെന്നും റോഡിലേക്ക് തന്നെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

സ്വിസ് റോഡ് സുരക്ഷാ അഥോറിറ്റികൾ മെഴ്സിഡസ് ഇ. ക്ലാസ്, ടെസ്ല മോഡൽ എസ്, വോൾവോ ട 90 മോഡലുകളിലാണ് പഠനം നടത്തിയത്. പരീക്ഷണത്തിൽ ഈ സംവിധാനം എല്ലാ സമയത്തും പൂർണമായി പ്രവർത്തിച്ചെന്നുവരില്ല. വാഹന ങ്ങൾ തമ്മിലുള്ള ദൂരവും, ട്രാഫിക് ചിഹ്നങ്ങളും കൃത്യമായി തിരിച്ചറിഞ്ഞെങ്കിലും ഇലകട്രോണിക് അസിസ്റ്റന്റ് എപ്പോഴും വിശ്വസനീയമായല്ല പ്രവർത്തിച്ചത്. മാത്രവുമല്ല ഡ്രൈവർമാർ എല്ലാ അവസരങ്ങളിലും ജാഗരൂകരും അല്ലായിരുന്നു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം അപകടങ്ങളുടെ സാധ്യതയാണ്. ഈ സാങ്കേതിക വിദ്യ അപകടങ്ങളെ നേരിടുവാൻ പര്യാപ്തമല്ല എന്നതാണ്. ഇത് കാൽനട യാത്രക്കാരുമായോ, മറ്റ് വാഹനങ്ങളുമായോ ആശയവിനിമയം നടത്തുവാനും പര്യാപ്തമല്ല. ഇതൊക്കെയാണെങ്കിലും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഡ്രൈവർ രഹിത വാഹനങ്ങൾ റോഡിലെത്തുമ്പോൾ വൻ സ്വീകാര്യതയാണ് ലഭിക്കുവാൻ പോകുന്നത്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ