ഒക് ലൻഡിൽ മലയാളി ബാലനെ മരിച്ച നിലയിൽ കണ്ടെത്തി
Friday, November 18, 2016 7:07 AM IST
ഒക് ലൻഡ്: ന്യൂസിലൻഡിലെ നോർത്ത് ഷോറിന് സമീപമുള്ള ചൈൽഡ് കെയർ സ്ഥാപനത്തിൽ മലയാളി ബാലനെ മരിച്ച നിലയിൽ കണ്ടെത്തി. ആൽഡ്രിച്ച് വിജു എന്ന നാലുവയസുകാരനെയാണ് കളിസ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒക് ലൻഡിനു സമീപം നോർത്ത് ഷോറിൽ താമസിക്കുന്ന ചാലക്കുടി വടക്കുംചേരി കുടുംബാംഗമായ വിജു –ജിഷ ദമ്പതികളുടെ മൂത്ത മകനാണ് ആൽഡ്രിച്ച്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.45 ന് ടക്കപുന അൻസാക് സ്ട്രീറ്റിലെ ഏയ്ഞ്ചൽസ് ചൈൽഡ് കെയർ സെന്ററിലായിരുന്നു അപകടം. സ്‌ഥാപനത്തിലെ ജീവനക്കാരാണ് ആദ്യം പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തി രണ്ടു മണിക്കൂർ കഴിഞ്ഞ് നാലരയോടെയാണ് കുട്ടിയുടെ മൃതദേഹം സംഭവസ്‌ഥലത്തുനിന്നും മാറ്റിയത്. കളിക്കുന്നതിനിടയിൽ അപകടം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവം അറിഞ്ഞയുടൻ രക്ഷിതാക്കൾ സ്‌ഥാപനത്തിനു പുറത്ത് തടിച്ചുകൂടി തങ്ങളുടെ കുട്ടികളെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. ആൽഡ്രിച്ചിന് ഒരു ഇളയ സഹോദരി കൂടിയുണ്ട്. ആൽഡ്രിച്ചിന്റെ നിര്യാണത്തിൽ ഒക് ലൻഡ് മലയാളി സമാജവും നോർത്ത് ഷോർ മലയാളി അസോസിയേഷനും അനുശോചിച്ചു.

റിപ്പോർട്ട്: കെ.പി. ഷിബു