അമേരിക്കയിൽ ബിസിനസ് ലോൺ ലഭിക്കാനുള്ള മാർഗങ്ങൾ –സെമിനാർ വിജ്‌ഞാനപ്രദമായി
Friday, November 18, 2016 2:59 AM IST
ന്യൂജേഴ്സി: കേരളാ ചേംബർ ഓഫ് കൊമേഴ്സ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ) എല്ലാ മാസവും ട്രൈ സ്റ്റേറ്റ് ഏരിയയിലെ ബിസിനസുകാർക്കായി നടത്തുന്ന നെറ്റ് വർക്ക് സെമിനാറിൽ ഈ മാസത്തെ വിഷയം ചെറുകിട ബിസിനസ് ലോണിനെ സംബന്ധിച്ചായിരുന്നു.

എസ്ബിഡിസി (Small Business Develop Centre) റീജണൽ മാനേജർ എലിൻസ് മക്ളർ സ്റ്റാർട്ടപ് ബിസിനസുകാർക്കും എക്സിസ്റ്റിംഗ് ബിസിനസുകാർക്കും ഗവൺമെന്റ് തലത്തിലും അല്ലാതെയും നൽകുന്ന ആനുകൂല്യങ്ങളെപ്പറ്റിയും ലോണുകളെപ്പറ്റിയും വളരെ വിശദമായി പ്രതിപാദിച്ചു.

ന്യൂജേഴ്സി, ന്യൂയോർക്ക് ഏരിയയിൽ നിന്നും പങ്കെടുത്ത അമ്പതിൽപ്പരം ബിസിനസുകാർക്ക് ‘നെറ്റ് വർക്കിംഗ് ഇവന്റ്’ വളരെ പ്രയോജനം നൽകുന്നുണ്ട്. എല്ലാ മാസവും രണ്ടാമത്തെ വ്യാഴാഴ്ച വൈകിട്ട് 6.30–ന് നെറ്റ് വർക്കിംഗ് സെമിനാറും നടത്തുന്നുണ്ട്.



കെസിസിഎൻഎ പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ഡോ. ഗോപിനാഥൻ നായർ, ട്രഷറർ അലക്സ് ജോൺ, ചെയർമാൻ തോമസ് മൊട്ടയ്ക്കൽ എന്നിവരാണ് കെ.സി.സി.എൻ.എയ്ക്ക് നേതൃത്വം നൽകുന്നത്. സംഘടനയുടെ ബോർഡ് മെമ്പർ രാജ് ദാനിയേൽ ആണ് ഡിസംബർ എട്ടിനു വ്യാഴാഴ്ച നടക്കുന്ന സെമിനാറിന്റെ കോർഡിനേറ്റർ.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം