അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ കയ്യിലുള്ള പ്രവാസികൾ ശ്രദ്ധിക്കുക
Thursday, November 17, 2016 6:31 AM IST
ഫ്രാങ്ക്ഫർട്ട്: ഇന്ത്യയിൽ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറൻസി നോട്ടുകൾ അസാധുവാക്കിയെന്ന പ്രഖ്യാപനത്തിൽ ഇരുട്ടടി കിട്ടിയത് കള്ളപ്പണക്കാർക്കും, പ്രവാസികൾക്കുമാണ്. ഡിസംബർ 31 വരെ ബാങ്കുകളിലൂടെ പണം മാറിയെടുക്കാമെന്ന സർക്കാർ നിർദേശം പുറത്തുവന്നുവെങ്കിലും സംശയങ്ങൾ തുടരുന്നു.

കറൻസികൾ അസാധുവാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിൽ കുഴയുന്ന പ്രവാസികൾക്കായി നാലു നിർദ്ദേശങ്ങൾ ഫലപ്രദമാണ്. തങ്ങളുടെ കൈയിലുള്ള പണം എൻആർഒ അക്കൗണ്ടിൽ നിക്ഷേപിക്കുക. രാജ്യത്തിനു പുറത്തു താമസിക്കുന്നവർക്കുള്ള സേവിംഗ്സ് അക്കൗണ്ട് ആണ് എൻആർഒ അക്കൗണ്ട്. സ്വന്തം രാജ്യത്ത് നിന്നും വിദേശത്ത് താമസിക്കുന്ന നിങ്ങൾക്ക് ലഭിക്കുന്ന പണം ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം. എൻആർഒ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണം ആവശ്യാനുസരണം ഏത് രീതിയിലേക്കും മാറ്റിയെടുക്കാം. വിദേശത്തു നിന്നും രാജ്യത്തേക്ക് തിരിച്ചെത്തിയാൽ എൻആർഒ അക്കൗണ്ട് സാധാരണ സേവിംഗ്സ് അക്കൗണ്ട്സിലേക്ക് മാറാനുള്ള സൗകര്യവും ഉണ്ട്. മിനിമം ബാലൻസായി 10,000 രൂപ മാത്രമാണ് ആവശ്യമെന്നതും എൻആർഐ അക്കൗണ്ടിന്റെ പ്രത്യേകതയാണ്.

എൻആർഒ അക്കൗണ്ടിന്റെ പ്രത്യേകതകൾ : സൗജന്യമായി പണം കൈമാറാം.
അക്കൗണ്ടിൽ നിലനിർത്തേണ്ടത് 10000 രൂപ മാത്രം. ലോകത്ത് എവിടെ നിന്നും അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാടുകൾ നടത്താം. ആവശ്യാനുസരണം അക്കൗണ്ട് ടൈപ്പിനെ മാറ്റാം. പുതിയ അക്കൗണ്ട് ഹോൾഡേഴ്സിന് സൗജന്യ ചെക്ക് ബുക്കും എടിഎം കാർഡും ലഭിക്കും. എൻആർഒ അക്കൗണ്ടിനെ ഇരട്ട ടാക്സ് സംവിധാനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. (നിബന്ധനകൾ ബാധകം)
സ്വന്തം രാജ്യത്തെ ഒരു വ്യക്‌തിയുമായി ചേർന്ന് ജോയിന്റ് എൻആർഒ അക്കൗണ്ട് തുടങ്ങാം.

എൻആർഒ അക്കൗണ്ട് ഇല്ലാത്തവർ നിരവധി ഗുണങ്ങളുള്ള ഒരു എൻആർഒ അക്കൗണ്ട് അടിയന്തരമായി ആരംഭിക്കാനാണ് ബാങ്കുകൾ പ്രവാസികൾക്ക് നൽകുന്ന നിർദ്ദേശം. ഡിസംബർ 30നു ശേഷം ഇന്ത്യയിലെത്തുന്ന പ്രവാസികൾക്കായും സർക്കാർ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. പണം മാറാനായി ഡിസംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ അതിനുശേഷം ഇന്ത്യയിൽ എത്തുന്നവർക്ക് നേരിട്ട് ആർബിഐ ഓഫീസുകളിലൂടെ ഒരു സത്യവാങ്മൂലം, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, പാൻ കാർഡ് നമ്പർ എന്നിവ നൽകി പണം മാറിയെടുക്കാം. പണം മാറാൻ വൈകിയതിന്റെ കാരണവും ഇതിനോടെപ്പം സമർപ്പിക്കണം.


റിപ്പോർട്ട്: ജോർജ് ജോൺ