ജർമനിയിൽ ദേശീയപാതകൾ സ്വകാര്യവത്കരിക്കാൻ നീക്കം
Tuesday, November 15, 2016 10:07 AM IST
ബർലിൻ: ജർമനിയിലെ ദേശീയ പാതകളുടെ പകുതിയോളം സ്വകാര്യ മേഖലയ്ക്കു കൈമാറാൻ ധനമന്ത്രി വോൾഫ്ഗാങ് ഷോബ്ൾ പദ്ധതി തയാറാക്കി. ഇതു സംബന്ധിച്ച റിപ്പോർട്ട് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് ജർമൻ മാധ്യമങ്ങൾ.

ചാൻസലർ ആംഗല മെർക്കലിന്റെ സിഡിയുവിൽനിന്നു തന്നെയുള്ള മന്ത്രിയാണ് ഷോബ്ൾ. പാതകൾ പണിയുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും രൂപീകരിക്കുന്ന പൊതുമേഖലാ സ്‌ഥാപനത്തിന്റെ 49.9 ശതമാനം ഓഹരി വിൽക്കാനാണ് അദ്ദേഹം പദ്ധതി തയാറാക്കിയിരിക്കുന്നത്.

ടോളുകളിലൂടെയാണ് കമ്പനി വരുമാനം നേടുക. ഓട്ടോബാനിൽ ട്രക്കുകൾ ഓടിക്കുന്നതിന് ഇപ്പോൾ തന്നെ ടോളുണ്ട്. യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് ടോൾ ചുമത്താനുള്ള തീരുമാനം കൂടി നടപ്പായാൽ നല്ല വരുമാനം പ്രതീക്ഷിക്കാം.

എന്നാൽ, സോഷ്യൽ ഡെമോക്രാറ്റിക്, ഗ്രീൻ, ഡൈ ലിങ്കെ പാർട്ടികൾ ഷോബ്ളിന്റെ നീക്കത്തെ ശക്‌തമായി എതിർക്കുന്നു. വ്യവസായ ലോബികളും ഇതിനെതിരാണ്. പാർലമെന്റിന്റെ ബജറ്റ് കമ്മിറ്റിക്കു മുന്നിലാണ് ഷോബ്ൾ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച കരട് ബിൽ ഉടൻ തയാറാകുമെന്നും സർക്കാരിന്റെ പരിഗണനയ്ക്കു വരുമെന്നും കരുതപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ