ഡൽഹിയിലെ മുത്തപ്പ തിരുവപ്പന മഹോത്സവം സമാപിച്ചു
Tuesday, November 15, 2016 9:07 AM IST
ന്യൂഡൽഹി: ഡൽഹി മുത്തപ്പ സേവാ സമിതിയുടെ പന്ത്രണ്ടാമത് മുത്തപ്പ മഹോത്സവത്തിന്റെ ഭാഗമായി മയൂർ വിഹാർ ഫേസ്3ലെ ബി6 പാർക്കിൽ അണിയിച്ചൊരുക്കിയ മഠപ്പുരയിലെത്തിയ ഭക്‌ത സഹസ്രങ്ങൾക്ക് ആശ്വാസ വചനങ്ങളും ദർശന സാഫല്യവുമേകി രണ്ടു ദിവസം നീണ്ടുനിന്ന മുത്തപ്പ തിരുവപ്പന മഹോത്സവം സമാപിച്ചു.

തിരുവപ്പന എന്ന കോലരൂപത്തിൽ കാണുന്ന നാടുവാഴീശൻ ദൈവം ഭഗവാന്റെ യൗവനത്തേയും തിരുവപ്പന പ്രൗഢഭാവങ്ങളെയും പ്രതിനിധീകരിക്കുന്ന തിരുവപ്പന ഭാവമായിരുന്നു ഈ വർഷത്തെ പ്രത്യേകത. ഡൽഹി നിവാസികൾ ആദ്യമായാണ് തിരുവപ്പന പ്രൗഢഭാവം ദർശിക്കുന്നത്. രാവിലെ സ്‌ഥല ശുദ്ധിക്കു ശേഷം മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

ഭക്‌തിഗാനാലാപനത്തോടെ ആരൂഡമായ കുന്നത്തൂർ പാടിയിൽ നിന്നുള്ള വരവിനെ അനുസ്മരിപ്പിച്ചുകൊണ്ട് മലയിറക്കവും ഉച്ചമുതൽ രാത്രി വരെ തിരുമുടിയേറ്റി തിരുവിളയാട്ടവും നടന്നു. വിശേഷാൽ പൂജകളും വെള്ളാട്ടം, പയംകുറ്റി, തിരുവപ്പന പൂജ, കരിംകലശം എന്നിവക്ക് പുറമെ ഇളനീർ കാഴ്ചയും നടന്നു. ശനിയാഴ്ച വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. തുടർന്ന് കാഞ്ഞങ്ങാട് രാമചന്ദ്രനും സംഘവും അവതരിപ്പിച്ച ഭക്‌തി ഗാനമേളയോടെ ആദ്യദിവസത്തെ പരിപാടികൾ സമാപിച്ചു.

രണ്ടാം ദിവസം രാവിലെ മലയിറക്കൽ ചടങ്ങിനുശേഷം തിരുവപ്പനയും തിരുവിളയാട്ടവും നടന്നു. രാവിലെ എട്ടു മുതൽ രാത്രി 10 വരെ ആയിരുന്നു ദർശന സമയം. മുത്തപ്പൻ ഭക്‌തസഹസ്രങ്ങൾക്ക് ദർശനവും അനുഗ്രഹവും നൽകിയപ്പോൾ സംഘാടകർ പ്രസാദവും ഭക്ഷണവും നൽകി. രാവേറെയായപ്പോൾ മുത്തപ്പൻ തിരുമുടിയഴിച്ചു മലകയറിയതോടെ മുത്തപ്പ മഹോത്സവം സമാപിച്ചു.

ഡൽഹി മുത്തപ്പ സേവാ സമിതിയുടെ പ്രസിഡന്റ് ജനാർദ്ദനൻ നമ്പ്യാർ, സെക്രട്ടറി എൻ.വി. അനിൽ, ഖജാൻജി സജിലാൽ, കൺവീനർ പി.കെ. ലക്ഷ്മണൻ, രക്ഷാധികാരികളായി രമേശ് നമ്പ്യാർ, പി. രാമചന്ദ്രൻ, ഉപദേശകരായ പി. രവീന്ദ്രൻ, വേണുഗോപാൽ വെള്ളോത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: പി.എൻ. ഷാജി