സ്റ്റൈൻമയർ ജർമൻ പ്രസിഡന്റ് സ്‌ഥാനാർഥി
Monday, November 14, 2016 7:31 AM IST
ബർലിൻ: ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ (60) ജർമൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിശാല മുന്നണി സ്‌ഥാനാർഥിയായി മത്സരിക്കും. നിലവിൽ ജർമനിയുടെ വിദേശകാര്യ മന്ത്രിയാണ് സ്റ്റൈൻമയർ.

ചാൻസലർ ആംഗല മെർക്കലും അവരുടെ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയനും സ്റ്റൈൻമയറുടെ സ്‌ഥാനാർഥിത്വത്തിന് പച്ചക്കൊടി കാട്ടിയതോടെ ജർമനിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായി സ്റ്റൈൻമയർ (എസ്പിഡി) തെരഞ്ഞെടുക്കപ്പെടും. നേരത്തെ സ്റ്റൈൻമയറിനെ സ്‌ഥാനാർഥിയാക്കാൻ എസ്പിഡി തീരുമാനിച്ചപ്പോൾ മെർക്കൽ അദ്ദേഹത്തിനെതിരെ സ്‌ഥാനാർഥിയെ നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിശാല മുന്നണി സർക്കാരിലെ കൂട്ടുകക്ഷികളായ സിഡിയുവും എസ്പിഡിയും തമ്മിൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നടന്ന സമവായ ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായ ഐക്യത്തിൽ സിഡിയു സ്റ്റൈൻമയറിന് പൂർണപിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ സ്‌ഥാനാർഥിത്വം ഇപ്പോൾ സ്‌ഥിരപ്പെട്ടത്. ഇതുവരെയുള്ള നീക്കങ്ങളിൽ സ്റ്റൈൻമയർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. 2017 ഫെബ്രുവരി 12നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

നിലവിലെ പ്രസിഡന്റ് എഴുപത്തിയാറുകാരനായ യോവാഹിം ഗൗക്ക് രണ്ടാമൂഴത്തിന് താത്പര്യമില്ലെന്നകാര്യം അറിയിച്ചതിനെ തുടർന്നാണ് ഇരുപാർട്ടികളും പുതിയ സ്‌ഥാനാർഥിയെ തേടിയത്.

16 സംസ്‌ഥാനങ്ങൾ അടങ്ങുന്നതാണ് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമനി. പാർലമെന്റിന്റെ ഉപരിസഭയും (ബുണ്ടസ്റാറ്റ്) അധോസഭയും (ബുണ്ടസ്ടാഗ്)സംയുക്‌തമായി ഭരണഘനയുടെ 54ാം വകുപ്പ് അനുസരിച്ചാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. അഞ്ചുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ