കാരുണ്യ വർഷത്തിൽ റോമിലെത്തിയത് 20 ലക്ഷം സന്ദർശകർ
Monday, November 14, 2016 7:30 AM IST
വത്തിക്കാസിറ്റി: മാർപാപ്പ പ്രഖ്യാപിച്ച കാരുണ്യ വർഷത്തോടനുബന്ധിച്ച് റോമിലെത്തിയത് ഇരുപതു ലക്ഷത്തോളം വിശ്വാസികൾ. കാരുണ്യ വർഷത്തിന്റെ വിവിധ പരിപാടികളിലായി 20.4 മില്യൻ ആളുകൾ പങ്കെടുത്തെന്ന് വത്തിക്കാൻ ഇവാഞ്ചലിക്കൽ വിഭാഗം മേധാവി മോൺ. റിനോ ഫിസിഷെല്ല അറിയിച്ചു. റോമിലെത്താതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു പള്ളികളിലായി ആകെ നൂറു കോടി ആളുകൾ പങ്കെടുത്തതായും കണക്കാക്കുന്നു.

ചില ദൈവശാസ്ത്രജ്‌ഞർ കാരുണ്യ വർഷം എന്ന ആശയത്തെ തള്ളിക്കളഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഈ ആശയം ക്രൈസ്തവ വിചാരധാരയിൽ പ്രധാന ഇടം വീണ്ടെടുത്തിരിക്കുകയാണെന്നും മോൺ. ഫിസിഷെല്ല അവകാശപ്പെട്ടു. ഈ മാസത്തോടെ ജൂബിലി കാരുണ്യ വർഷം സമാപിക്കുകയാണ്.

2000–2001 നു ശേഷം ആദ്യമായാണ് ജൂബിലി വർഷം വത്തിക്കാൻ ആഘോഷിക്കുന്നത്. മദർ തെരേസയുടെ വിശുദ്ധ പ്രഖ്യാപനം അടക്കം സുപ്രധാന ചടങ്ങുകൾ ഇതോടനുബന്ധിച്ചു നടന്നിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ