ജിൻസൺ ഇരിട്ടിക്കും ജോയിപ്പാനും ലണ്ടൻ മലയാള സാഹിത്യവേദി പുരസ്കാരം
Monday, November 14, 2016 6:32 AM IST
ലണ്ടൻ: ലണ്ടൻ മലയാള സാഹിത്യവേദി കലാസാഹിത്യരംഗത്ത് നൽകിയ സംഭാവനകളെ മാനിച്ചു നൽകുന്ന 2016 ലെ പുരസ്കാരങ്ങൾക്ക് പ്രമുഖ എഴുത്തുകാരായ ജിൻസൺ ഇരിട്ടിയും ജോയിപ്പാനും അർഹരായി. ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന പ്രത്യേക യോഗത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

കലാസാഹിത്യ രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് 2010–ലെ പുരസ്കാരങ്ങൾക്ക് പ്രമുഖ നാടകപ്രവർത്തകരായ ശശി എസ്. കുളമടയും വെട്ടൂർ കൃഷ്ണൻ കുട്ടിയും അർഹരായി. പിന്നീട് പ്രമുഖ പത്രപ്രവർത്തകരായ ഫിലിപ്പ് ഏബ്രഹാം, മണമ്പൂർ സുരേഷ്, സാഹിത്യകാരി സിസിലി ജോർജ്, സംഗീതജ്‌ഞൻ ആൽബർട്ട് വിജയൻ തുടങ്ങിയവരും മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകളെ മാനിച്ചു പ്രത്യേക പുരസ്കാരത്തിന് പ്രമുഖ സാഹിത്യകാരൻ കാരൂർ സോമനും അർഹരായി.

ജിൻസൺ ഇരിട്ടി യുകെയിലെ ഒരു യുവ എഴുത്തുകാരനാണ്. സ്കൂൾ വിദ്യാഭ്യാസകാലത്ത് തുടങ്ങിയ നാടക രചനയിലൂടെയാണ് ജിൻസന്റെ എഴുത്തിന്റെ തുടക്കം ഇതിനോടകം നിരവധി കഥകളും നാടകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള ജിൻസന്റെ ആദ്യ നോവൽ തിരിച്ചറിവുകൾ പുറത്തുവരുന്നത് യുകെയിലേയും അമേരിക്കയിലേയും പ്രമുഖ ഓൺലൈൻ പത്രങ്ങളിലൂടെയാണ്. പിന്നീട് മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഒലിവ് പബ്ലിക്കേഷൻ നോവൽ പുസ്തകരൂപത്തിൽ പുറത്തിറക്കുകയുണ്ടായി. യുകെയുടെ പശ്ചാത്തലത്തിൽ അടുത്തിറങ്ങിയ മലയാള സിനിമ –ഒരു ബിലാത്തി പ്രണയ–ത്തിന്റെ രചന നിർവഹിച്ചത് ജിൻസൺ ഇരിട്ടിയായിരുന്നു. കൂടാതെ സോഷ്യൽ മീഡിയയിലൂടെ സാമൂഹ്യ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു എഴുത്തുകാരൻ കൂടിയാണ് ജിൻസൺ ഇരിട്ടി.

യുകെയിലെ അറിയപ്പെടുന്ന ഹാസ്യകഥാകാരനാണ് ജോയിപ്പാൻ. നമ്മുടെ സമൂഹത്തിൽ നടക്കുന്ന ചെറിയ സംഭവങ്ങളെയോ നമ്മുടെ ജീവിത രീതികളെയോ നർമത്തിൽ പൊതിഞ്ഞു ജോയിപ്പാൻ എഴുതുമ്പോൾ വായനക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ലണ്ടൻ മലയാള സാഹിത്യവേദി നടത്തിയ പ്രഥമ സാഹിത്യ മത്സരത്തിൽ കഥയ്ക്ക് പ്രഥമ സ്‌ഥാനം ലഭിച്ചത് ജോയിപ്പാനാണ്. ഓണാഘോഷ പരിപാടികളിൽ മാവേലി ആയി എത്തുന്ന ജോയിപ്പാൻ യുകെയിലെ ഏറ്റവും നല്ല മാവേലിക്കുള്ള പുരസ്കാരം നേടിയിരുന്നു.