ട്രംപിന്റെ വിജയത്തിൽ ജർമനിയിലെ വലതുപക്ഷക്കാർക്ക് ആവേശം
Sunday, November 13, 2016 3:50 AM IST
ബർലിൻ: ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിൽ ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിക്ക് ആവേശം. ട്രംപിന്റെ വിജയത്തിൽ ആദ്യം ആശംസ അറിയിച്ചവരിലൊരാൾ എഎഫ്ഡി നേതാവ് ഫ്രോക്കെ പെട്രിയായിരുന്നു.

ട്രംപിന്റെ വിജയം യുഎസ്എയെയും യൂറോപ്പിനെയും ലോകത്തെയും മാറ്റിമറിക്കുമെന്ന് എഎഫ്ഡിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത് ചിത്രത്തിൽ എഴുതിയിരിക്കുന്നു. ചരിത്രപരമായ അവസരം എന്നാണ് പെട്രി ഈ വിജയത്തെ വിശേഷിപ്പിക്കുന്നത്.

സ്വിറ്റ്സർലൻഡിലെ രാഷ്ര്‌ടീയ നേതാക്കൾക്കിടയിൽ ട്രംപിന്റെ വിജയം സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്. അനിവാര്യമായ മാറ്റമെന്ന് വലതുപക്ഷ പാർട്ടികൾ വിശേഷിപ്പിച്ചു. ഇടതുപക്ഷവും സോഷ്യലിസ്റ്റുകളുമാകട്ടെ, കടുത്തു നിരാശയുംപ്രകടിപ്പിക്കുന്നു.

അതേസമയം, കടുത്ത മുസ്ലിം വിരുദ്ധ നിലപാട് വച്ചുപുലർത്തുന്ന ട്രംപിന്റെ വിജയത്തിൽ ഇസ്ലാം സമൂഹം കടുത്ത ആശങ്ക തന്നെ പ്രകടിപ്പിക്കുന്നു. മുസ്ലിംകളെ മുഴുവൻ അമേരിക്കയിൽനിന്നു പുറത്താക്കണമെന്നു വരെ ആവശ്യപ്പെട്ടിരുന്നു ട്രംപ്. ഇങ്ങനെയൊരാളുടെ വിജയം ഭീകര സംഘടനകളെ കൂടുതൽ പ്രകോപിപ്പിക്കാനുള്ള സാധ്യതയും സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏഷ്യയിലെ മുസ്ലിം രാജ്യങ്ങളിലാകമാനം ട്രംപിന്റെ കാര്യത്തിൽ ആശങ്ക ശക്‌തമാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ