ജർമനിയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു
Friday, November 11, 2016 10:14 AM IST
ബർലിൻ: ജർമനിയിൽ കണ്ടെത്തിയത് പക്ഷിപ്പനിയാണെന്ന് (H5N8 വൈറസ്) സ്‌ഥിരീകരിച്ചു. ജർമനിയിലെ ഫ്രെഡറിക് ലൊഫ്ലർ ഇൻസ്റ്റിറ്റ്യൂട്ടാണ് പക്ഷിപ്പനിയാണെന്ന് സ്‌ഥിരീകരിച്ചത്. മെക്ക്ലെൻബുർഗ് ഫൊർപ്പോമേൻ സംസ്‌ഥാനത്തിലെ താറാവുകളിലും ടർക്കികളിലുമാണ് പക്ഷിപ്പനിയുള്ളതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്‌ഥാനത്തിൽ ഷ്വെൽസ്വിഗ്ഹോൾസ്റ്റൈൻ സംസ്‌ഥാനത്തു നടത്തിയ കോഴി വളർത്തൽ കേന്ദ്രങ്ങളിലും വൈറസ് ബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ജർമനിയിൽ പക്ഷിപ്പനി സംശയിക്കുന്ന കേസുകളുടെ മുഴുവൻ അന്വേഷണത്തിന്റെയും ഉത്തരവാദിത്വം ഫ്രെഡറിക് ലൊഫ്ലർ റഫറൻസ് ലബോറട്ടറിയാണ് കൈകാര്യം ചെയ്യുന്നത്.

മെക്ക്ലെൻബുർഗ് ഫൊർപ്പോമേനിലെ ബാൾട്ടിക് ദ്വീപിൽ സമീപകാലത്ത് ഏവിയൻ ഇൻഫ്ളുവൻസ ഉണ്ടായിരുന്നതായി റിപ്പോർട്ടു ചെയ്തിരുന്നു. അതുപോലെ പിണം ദ്വീപിന്റെ വടക്കൻ ഭാഗങ്ങളിലും H5N8 വൈറസ് ബാധയുള്ളതായി റിപ്പോർട്ടുണ്ട്. ദേശാടന പക്ഷികൾ മുഖേനയാവും വൈറസ് ബാധ പകർന്നതെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ കൂടുതൽ കടൽപക്ഷികളെയും താറാവുകളെയും നിരീക്ഷണവിധേയമാക്കിയിട്ടുണ്ട്. ചത്തൊടുങ്ങിയ പക്ഷികളെ കൂടുതൽ പരിശോധനക്കും വിധേയമാക്കിയിട്ടുണ്ട്.

മെക്ക്ലെൻബുർഗ് ഫൊർപ്പോമേൺ കൃഷി മന്ത്രി ബാക്ക്ഹൗസ് രാജ്യത്തെ എല്ലാ പൗൾട്രി ഫാമുകളെയും പരിശോധനാവിധേയമാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. മുമ്പ് കോൺസ്റ്റാൻസ് തടാകത്തിനരികെ കാട്ടു പക്ഷികൾ വൈറസ് മുഖേന ചത്തിരുന്നു. അപകടകരമായ ഇത്തരം വൈറസ് വേരിയന്റ് ആണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.പോളണ്ട്, ക്രൊയേഷ്യ, ഹംഗറി എന്നീ രാജ്യങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ, വൈറസ് H5N8 കണ്ടെത്തിയത് രോഗകാരിയാണ്. മനുഷ്യരിലേയ്ക്ക് ഈ രോഗം പകരുന്നതാണ്. ഏവിയൻ ഇൻഫ്ളുവൻസ ജനങ്ങൾക്കും അപകടം വരുത്തിവയ്ക്കും.

H5N1 എന്ന അണുബാധകൊണ്ട് 1997 ൽ നൂറുകണക്കിനു ആളുകൾ ലോകവ്യാപകമായി മരിച്ചിരുന്നു. ഏറ്റവും കൂടുതൽ മരണങ്ങൾ ഈജിപ്ത്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലായിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ