ഗോപിയോ യൂറോപ്പ് കൺവൻഷൻ വ്യാഴാഴ്ച ആരംഭിക്കും
Thursday, November 10, 2016 10:26 AM IST
പാരീസ്: വിദേശ ഇന്ത്യാക്കാരുടെ ആഗോള സംഘടനയായ ഗോപിയോ ഇന്റർനാഷണൽ യൂറോപ്പ് കൺവൻഷൻ പാരീസിൽ വ്യാഴാഴ്ച ആരംഭിക്കും. നാലു ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷനിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ, സ്റ്റഡിടൂർ, പുസ്തക പ്രകാശനം, ജനറൽ ബോഡി മീറ്റിംഗ്, സിനിമ പ്രദർശനം, അവാർഡ് ദാനം തുടങ്ങിയവ നടക്കും.

വ്യാഴാഴ്ച വൈകിട്ട് ചാമ്സ് എലീസേയിലുള്ള സിംല പാലസിൽ ഡിന്നറോടെയാണ് പരിപാടികൾക്ക് തുടക്കമാവും. തുടർന്നു പ്രശസ്തമായ ‘ലിഡോ’ ഷോ നടക്കും. വെള്ളി രാവിലെ ഒന്നാം ലോക മഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ പട്ടാളക്കാർക്കുള്ള സ്മൃതിമണ്ഡപത്തിലേക്ക് യാത്ര. ഉച്ചയ്ക്ക് ശേഷം സെമിനാറുകൾ ആരംഭിക്കും. വൈകുന്നേരം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. മോഹൻ കുമാർ പങ്കെടുക്കും.

ശനി രാവിലെ മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന കോൺഫറൻസ് ഫ്രഞ്ച് പ്രവാസികാര്യ മന്ത്രി എറിക്ക ബാരേറ്സ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകിട്ട് പാരീസ് സെയ്ന് നദിയിൽ ബോട്ടിനുള്ളിൽ നടക്കുന്ന ദീപാവലി ആഘോഷത്തോടനുബന്ധിച്ചു നെൽസൺ മണ്ടേലയുടെ സ്വകാര്യ ഫോട്ടോ ഗ്രാഫറായിരുന്ന കെവിൻ ജോസഫ് തയാറാക്കിയ മണ്ടേലയെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യും.

ഒന്നാം ലോക മഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ പട്ടാളക്കാരെക്കുറിച്ച് വിജയ്സിംഗ് തയാറാക്കിയ ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിക്കും.

അമേരിക്ക, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, മൗറീഷ്യസ്, യുകെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും മുന്നൂറിൽപരം ഗോപിയോ അംഗങ്ങൾ പങ്കെടുക്കും. ‘അതിർത്തി കടന്നുള്ള അവസരങ്ങൾ’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.ഗോപിയോ യൂറോപ്പ് കോഓർഡിനേറ്റർ ഡോ. പ്രദീപ് സേവാക്ക്, കൺവൻഷൻ കോ ഓർഡിനേറ്റർ മെഹൻ പൊന്നുസാമി, രമേശ് വോറ, കെ.കെ.അനസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ