സ്വിറ്റ്സർലൻഡ് പ്രഫഷണലുകൾക്ക് വീസ നൽകുന്നു
Thursday, November 10, 2016 8:56 AM IST
സൂറിച്ച്: രാജ്യത്ത് അതിവിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിലൂണ്ടായ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റത്തിനനുകൂലമായി പാർലമെന്റിൽ അംഗങ്ങൾ വോട്ടു ചെയ്തു.

ഇതനുസരിച്ച് 2017 ൽ ഏകദേശം 7500 പ്രഫഷണലുകൾക്ക് രാജ്യത്ത് വീസ നൽകുവാനാണ് സ്വിസ് പീപ്പിൾസ് പാർട്ടി ആഗ്രഹിക്കുന്നത്. കുടിയേറ്റം കർശനമായി നിയന്ത്രിക്കുന്നതോടൊപ്പം അതിവിദഗ്ധ തൊഴിലാളികളുടെ വീസ നിയന്ത്രണത്തിന് ഇളവ് വരുത്തുവാനും തീരുമാനമായി. എന്നാൽ അവരുടെ എണ്ണം നിലവിലുള്ളതിൽ നിന്ന് രണ്ടായിരമായി വർധിപ്പിക്കണമെന്ന ആവശ്യം പാർലമെന്റ് നിരാകരിച്ചു. നിലവിലുള്ളതിൽ നിന്നും അമിതമായ വർധനവോ, വെട്ടിക്കുറവോ സാധ്യമല്ലെന്നും പാർലമെന്റ് വ്യക്‌തമാക്കി.

അമേരിക്ക, ഇന്ത്യ, തെക്കൻ കൊറിയ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരെയാണ് രാജ്യം ആഗ്രഹിക്കുന്നത്. ഈ രാജ്യങ്ങളിൽനിന്നുള്ള അതിവിദഗ്ധ തൊഴിലാളികൾക്കായിരിക്കും വീസകൾ അനുവദിക്കുക.

ധനകാര്യ മന്ത്രി യോഹാൻ ഷ്നൈദർ അമ്മാൻ നിലവിലെ 6500 ൽ നിന്നും 8500 പേർക്കെങ്കിലും വീസ അനുവദിക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടെങ്കിലും സഭ അത് അംഗീകരിച്ചില്ല. ആയിരം പേർക്കെ വീസ അനുവദിക്കാനാകൂ എന്ന് പാർലമെന്റ് തീരുമാനിക്കുകയായിരുന്നു. ഏത് മേഖലയിലേക്കാണ് കുടിയേറ്റം അനുവദിക്കുക എന്ന് മന്ത്രി വ്യക്‌തമാക്കിയില്ല. ഇന്ത്യൻ ഐടി വിദഗ്ധർക്ക് നല്ല അവസരമായിരിക്കും വരും നാളിൽ എന്ന് വ്യക്‌തം.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ