ഡോണൾഡ് ട്രംപിനെ മെർക്കൽ അഭിനന്ദിച്ചു
Wednesday, November 9, 2016 10:16 AM IST
ബെർലിൻ: അമേരിക്കയുടെ 45–ാമത് പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ലേബലിൽ തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെ ജർമൻ ചാൻസലർ ആംഗല മെർക്കൽ അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള സംയുക്‌തസഹകരണം ജർമനി വാഗ്ദാനം ചെയ്യുന്നതായി മെർക്കൽ അമേരിക്കയുടെ നിയുക്‌ത പ്രസിഡന്റിനെ അറിയിച്ചു.

ജനാധിപത്യവും സ്വാതന്ത്ര്യവും ശരീരത്തിന്റെ നിറമോ മതമോ നോക്കാതെ സ്ത്രീപുരുഷഭേദമെന്യേ മാനുഷിക മൂല്യങ്ങൾ അതിഷ്ടിതമാക്കി ജർമനി അമേരിക്കയുമായി സഹകരിക്കുമെന്ന് മെർക്കൽ കൂട്ടിച്ചേർത്തു. അമേരിക്കയുമായി ഭാവിയിൽ ഏറ്റവും അടുത്ത ലളിതമായ സഹകരണം പ്രതീക്ഷിക്കുന്നതായി മെർക്കൽ അറിയിച്ചു.

എന്നാൽ ട്രംപിന്റെ അപ്രതീക്ഷിത വിജയം ജർമനിയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ട്രംപിന്റെ വിദേശനയം ഭാവിൽ കൂടുതൽ വഷളാകുമെന്നാണ് ജർമൻ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ പ്രതികരിച്ചത്. ട്രംപ് യൂറോപ്യൻ യൂണിയനുമായി സൗഹൃദത്തിന്റെ വഴികൾ കൂടുതൽ തെളിയിക്കട്ടെയെന്നു യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റ് മാർട്ടിൻ ഷുൾസ് ട്രംപിനയച്ച അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ