മലയാളി വൈദികൻ ആഫ്രിക്കയിൽ കാറപകടത്തിൽ മരിച്ചു
Wednesday, November 9, 2016 2:43 AM IST
കൊച്ചി: സൗത്ത് ആഫ്രിക്കയിലെ നോർത്ത് അങ്കോളയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വൈദികൻ മരിച്ചു. എറണാകുളം ഉദയംപേരൂർ സൂനഹദോസ് പള്ളി ഇടവകാംഗവും റൊഗേഷനിസ്റ്റ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് (ആർസിജെ) സന്യസ്തസഭാംഗവുമായ ഫാ. റോയ് മൂത്തേടത്ത് (32) ആണു മരിച്ചത്. സഭയുടെ ബ്രസീലിയൻ പ്രോവിൻസിനു കീഴിലുള്ള ആഫ്രിക്കൻ മിഷനുവേണ്ടി ഒരു വർഷമായി സേവനം ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച പ്രാദേശികസമയം രാത്രി ഒമ്പതിനായിരുന്നു അപകടം.

ഡുൺഡോ രൂപതയിലെ ഇടവകയിൽ സഹവികാരിയുടെ ചുമതലയുണ്ടായിരുന്ന ഫാ. റോയ് നോർത്ത് അങ്കോളയിലെ രൂപത പാസ്റ്ററൽ അസംബ്ലിയിൽ പങ്കെടുക്കാനായി കാറിൽ പോകുമ്പോഴായിരുന്നു അപകടം. മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെത്തുടർന്നു ഗുരുതരമായി പരിക്കേറ്റ ഫാ. റോയിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വാഹനമോടിച്ചിരുന്ന ബ്രസീലിയൻ സ്വദേശി ഫാ. അൽസോയോയും കാറിലുണ്ടായിരുന്ന ഒരു സന്യാസിനിയും ഉൾപ്പെടെ മൂന്നു പേർക്കു പരിക്കേറ്റു.

ഉദയംപേരൂർ മൂത്തേടത്ത് തോമസ്—കൊച്ചുറാണി ദമ്പതികളുടെ മകനാണു ഫാ. റോയ്. 2012 ജനുവരി അഞ്ചിനായിരുന്നു പൗരോഹിത്യ സ്വീകരണം. പാവറട്ടി സെന്റ് ജോസഫ്സ് പള്ളി, കൊറ്റമം സെന്റ് ജോസഫ്സ് പള്ളി എന്നിവിടങ്ങളിൽ സഹവികാരി, മാനന്തവാടി റൊഗാത്തെ ഭവൻ മൈനർ സെമിനാരിയിൽ വൈസ് റെക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഐമുറി റൊഗേഷനിസ്റ്റ് സെമിനാരിയിലും ശുശ്രൂഷ ചെയ്തു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നു റൊഗേഷനിസ്റ്റ് സന്യാസസഭയുടെ ഇന്ത്യൻ പ്രോവിൻസിന്റെ വൈസ് പ്രൊവിൻഷ്യൽ ഫാ. വിനു വെളുത്തേപ്പിള്ളി അറിയിച്ചു. സംസ്കാര തീയതി പിന്നീടു തീരുമാനിക്കും. സഹോദരങ്ങൾ: മാത്യൂസ്, ആന്റോ, സിജോ.