കനേഡിയൻ മോഡൽ കുടിയേറ്റ നയവുമായി ജർമൻ സോഷ്യലിസ്റ്റുകൾ
Tuesday, November 8, 2016 10:28 AM IST
ബർലിൻ: ജർമനിക്കായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) കനേഡിയൻ മോഡൽ കുടിയേറ്റ നയത്തിൽ കരട് തയാറാക്കി. പോയിന്റ് ബേസ്ഡ് സമ്പ്രദായമാണിത്.

യോഗ്യതയും പശ്ചാത്തലവും അടിസ്‌ഥാനമാക്കി, യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ളവർക്ക് ജർമൻ പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം നൽകുന്ന രീതിയാണിത്. പോയിന്റടിസ്‌ഥാനത്തിൽ പ്രാബല്യത്തിലാക്കാമെന്നു കരുതുന്ന ഈ സമ്പ്രദായത്തിൽ ആകെ നൂറ് പോയിന്റാണ് കണക്കാക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത, പ്രായം, ജോലി വാഗ്ദാനങ്ങൾ, ജർമനിയിലെ കുടുംബ ബന്ധങ്ങൾ എന്നിവയുടെ അടിസ്‌ഥാനത്തിൽ നൂറു പോയിന്റ് വരെയാണ് കിട്ടുക. യൂണിവേഴ്സിറ്റി ബിരുദമുള്ളവർക്ക് 65 പോയിന്റെങ്കിലും ഉണ്ടെങ്കിലേ വീസക്ക് അപേക്ഷിക്കാൻ കഴിയൂ.

ഉദാഹരണത്തിന്, ഇന്ത്യയിൽനിന്നുള്ള, 25 വയസുള്ള, ബിരുദാനന്തര ബിരുദധാരിക്ക് ജർമനും ഇംഗ്ലീഷും നന്നായി സംസാരിക്കാൻ അറിയാമെങ്കിൽ, ജോലി വാഗ്ദാനം കിട്ടിയാൽ 75 പോയിന്റാവും.

പ്രതിവർഷം 25,000 പേർക്കു മാത്രം വീസ അനുവദിക്കുന്ന തരത്തിലാണ് കരട് നയം വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത് നിലവിലുള്ള അഭയാർഥി നിമയങ്ങളെയൊന്നും ബാധിക്കുകയുമില്ല.

അടുത്ത വർഷം സെപ്റ്റംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പാർലമെന്റിൽ അവതരിപ്പിച്ച് നിയമം ആക്കാനാണ് സോഷ്യലിസ്റ്റുകളുടെ തിരുമാനം. നിലവിൽ മെർക്കലിന്റെ ഭരണത്തിലെ സഖ്യകക്ഷിയാണ് എസ്പിഡി. എന്നാൽ ഈ സമ്പ്രദായത്തെപ്പറ്റി ഇതുവരെ മെർക്കലിന്റെ സ്വന്തം പാർട്ടി സിഡിയു, സഹോദര പാർട്ടി സിഎസ്യു എന്നീ കക്ഷികൾ പ്രതികരിച്ചിട്ടില്ല.പക്ഷെ പുതിയ കുടിയേറ്റം കൾച്ചറൽ പനോരമ എന്ന മോഡൽ ഉൾപ്പെടുത്തിയാവണം എന്ന ചിന്തിക്കുന്നവരാണ് സിഎസ്യു.

ജർമനിയിലെ ജനസംഖ്യ 82 മില്യനോളം വരും. എന്നാൽ ഇതിൽ 60 മില്യനും 50 വയസായവരാണ്. അടുത്ത 10 കൊല്ലംകൊണ്ട് 10 മില്യൻ തൊഴിലവസരങ്ങളാണ് ജർമനിയിൽ ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ കുടിയേറ്റക്കാരെക്കൊണ്ടു മാത്രമേ ഈ തൊഴിലവസരങ്ങൾ നികത്താനാവു.എന്തായാലും പദ്ധതി നടപ്പിലായാൽ ഏറ്റവും കൂടുതൽ സഹായകമാവുന്നത് ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്കാവും. കാരണം ഇത്തരമൊരു പദ്ധതിയെ മലയാളികൾ സ്വാഗതം ചെയ്യുന്നതിനൊപ്പം നാട്ടിൽ അഭ്യസ്തവിദ്യരായ ബന്ധുക്കളെ സഹായിക്കാൻ മുന്നിട്ടിറങ്ങുമെന്നു തീർച്ച.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ