കൊളോണിൽ അൽഫോൻസാമ്മയുടെ തിരുനാളാഘോഷവും ജപമാലയുടെ സമാപനവും ഭക്‌തിനിർഭരമായി
Tuesday, November 8, 2016 10:27 AM IST
കൊളോൺ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ജപമാലവണക്കത്തിന്റെ പരിസമാപ്തിയും കൊളോണിലെ ഇന്ത്യൻ സമൂഹം ആഘോഷിച്ചു.

ഒക്ടോബർ 16 ന് കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ യൂറോപ്പിന്റെ വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിച്ചു. ചാപ്ലിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, സിഎംഐ സഭയുടെ ജർമനിയിലെ കോഓർഡിനേറ്റർ ഫാ ജോർജ് കുറ്റിയാനിക്കൽ, ഫാ തോമസ് ചാലിൽ എന്നിവർ സഹകാർമികരായിരുന്നു. ദിവ്യബലിമധ്യേ മാർ ചിറപ്പണത്ത് വചനസന്ദേശം നൽകി. ഇന്ത്യൻ യൂത്ത്കൊയർ ദിവ്യബലിയെ ഭക്‌തിസാന്ദ്രമാക്കി. ജിം ജോർജ്, ഡാനി ചാലായിൽ, ജെൻസ് കുമ്പിളുവേലിൽ, വർഗീസ് ശ്രാമ്പിക്കൽ എന്നിവർ ശുശ്രൂഷികളായി.

വിശുദ്ധയോടുള്ള മധ്യസ്‌ഥ പ്രാർഥനയും തിരുശേഷിപ്പ് ചുംബനവും ജപമാലയർപ്പണവും പ്രദക്ഷിണവും നേർച്ചയും നടന്നു. സമാപനാശീർവാദത്തിനു ശേഷം വെഞ്ചരിച്ച കൊന്ത ഫാ. ഇഗ്നേഷ്യസ് വിശ്വാസികൾക്ക് വിതരണം ചെയ്തു. നേർച്ച തോമസ് അറമ്പൻകുടി ഫാമിലിയും സ്നേഹവിരുന്ന് കമ്യൂണിറ്റിയിലെ ഫ്രൈസൈറ്റ് ഫാമിലി കൂട്ടായ്മയുമാണ് ഒരുക്കിയത്.

പത്തുദിവസത്തെ ജപമാല വണക്കത്തിന് നേതൃത്വം നൽകിയത് കമ്യൂണിറ്റിയിലെ ഒൻപത് കുടുംബകൂട്ടായ്മകളും മറ്റു പ്രസ്‌ഥാനങ്ങളുമാണ്. ഓരോ ദിവസവും ദിവ്യബലിയും തുടർന്ന് സീറോ മലബാർ രീതിയിൽ കേരളത്തിലെ കുടുംബങ്ങളിൽ നടത്തുന്ന ജപമാല ആരാധനാ ക്രമത്തിലായിരുന്നു കൊന്തനമസ്കാരം നടത്തിയിരുന്നത്. ഇടദിവസങ്ങളിലായിരുന്നിട്ടും ഒട്ടേറെ വിശ്വാസികൾ എല്ലാദിവസവും തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു.

കമ്യൂണിറ്റിയുടെ കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ഡേവീസ് വടക്കുംചേരി, സെക്രട്ടറി ഷീബ കല്ലറയ്ക്കൽ, കമ്മിറ്റിയംഗങ്ങളായ തോമസ് അറമ്പൻകുടി (ട്രഷറർ), ആന്റണി സഖറിയ, ബേബി നെടുംകല്ലേൽ, സുനു ചാക്കോച്ചൻ, സൂസി കോലത്ത്, ഗ്രിഗറി മേടയിൽ, യോഹന്നാൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ