ചക്കുളത്തമ്മക്ക് പൊങ്കാലയർപ്പിച്ചു ഭക്‌ത സഹസ്രങ്ങൾ തൊഴുതു മടങ്ങി
Tuesday, November 8, 2016 7:36 AM IST
ന്യൂഡൽഹി: വ്രതശുദ്ധിയുടെ പുണ്യവുമായി വർഷം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ മയൂർ വിഹാറിൽ ചക്കുളത്തമ്മക്ക് പൊങ്കാല സമർപ്പണം. മഞ്ഞുകണികകൾ ഈറനണിയിച്ച എ1 ബ്ലോക്കിലെ പൊങ്കാല പാർക്കിൽ ക്ഷേത്രത്തിൽ കാണിക്കയർപ്പിച്ചു ഭക്‌തസഹസ്രങ്ങൾ തൊഴുതു മടങ്ങി.

രാവിലെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. പ്രഭാത പൂജകൾക്കുശേഷം താലമേന്തിയ ബാലികമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ബ്രഹ്മശ്രീ രാധാകൃഷ്ണൻ തിരുമേനിയേയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും ഐഎഫ്സി ഫരീദാബാദ്, രഞ്ജിതയേയും മറ്റു വിശിഷ്‌ടാതിഥികളെയും ക്ഷേത്രാങ്കണത്തിലേക്ക് ആനയിച്ചു.

രാവിലെ 8.30ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഭദ്രദീപം തെളിച്ച് പൊങ്കാല മഹോത്സവം ഉദ്ഘാടനം ചെയ്തു. ഐഎഫ്സി ഫരീദാബാദ് രഞ്ജിത മുഖ്യാതിഥിയായിരുന്നു. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, (കസാക്റ്റ്), ഡൽഹി പ്രസിഡന്റ് പി.എൻ. ഷാജി അധ്യക്ഷത വഹിച്ചു. രമേശ് ഇളമൺ നമ്പൂതിരി, മനോജ് കുമാർ എംഎൽഎ, കൗൺസിലർ രാജീവ് വർമ്മ, ബിജെപി ഡൽഹി സ്റ്റേറ്റ് കമ്മിറ്റി അംഗം പ്രസന്നൻ പിള്ള, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് സി. കേശവൻ കുട്ടി, ന്യൂസ് 24 ചാനൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജേക്കബ് മാത്യു, കസാക്റ്റ് കേന്ദ്രകമ്മിറ്റി സെക്രട്ടറി കെ. ജയകുമാർ, ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി, കസാക്റ്റ് ഡൽഹി സെക്രട്ടറി ഡി. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ കസാക്റ്റ് ഡൽഹിയുടെ സ്‌ഥാപക കോഓർഡിനേറ്ററും ട്രഷററുമായ ശ്രീ പിആറിനെ ചടങ്ങിൽ ആദരിച്ചു. പ്രായം ചെന്ന അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായി മൂന്ന് അമ്മമാരെയും ആദരിച്ചു.

ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥനയോടെ പൊങ്കാലക്ക് തുടക്കമിട്ടു. ക്ഷേത്ര ശ്രീകോവിലിൽ നിന്നും കൊളുത്തിയ ദീപനാളത്താൽ പണ്ടാര അടുപ്പിൽ ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി ജ്വലിപ്പിച്ചപ്പോൾ മേലേ നീലാകാശത്ത് ചക്കുളത്തമ്മയുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് കൃഷ്ണപ്പരുന്തു വലം വച്ചു. ഭക്‌തജനങ്ങൾ വായ്ക്കുരവയാൽ ചക്കുളത്തമ്മക്ക് സ്വാഗതമരുളി. തുടർന്ന് ഭക്‌തർ സ്വയം തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് തീ പകർന്നു. അവയിൽ നിന്നുയർന്ന അഗ്നി സ്പുലിംഗങ്ങളാൽ യജ്‌ഞശാലയായ് മാറിയ ക്ഷേത്രാങ്കണത്തിൽ. ഷാലിമാർ ഗാർഡനിലെയും നോയിഡയിലെയും കുട്ടികൾ ഹരിഗോവിന്ദം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഭക്‌തിഗാനങ്ങൾ ആലപിച്ചു. കുട്ടികളുടെ വിദ്യാഭിവൃത്തിക്കായി വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ചക്കുളത്ത് കാവിൽ നിന്നും പ്രത്യേകം എത്തിച്ചേരുന്ന രഞ്ജിത്ത് നമ്പൂതിരി മറ്റു പൂജകൾക്ക് കാർമികത്വം വഹിച്ചു. മുടപ്പല്ലൂർ ജയകൃഷ്ണനും സംഘവും ഉത്സവത്തിമിർപ്പിനു മേളക്കൊഴുപ്പേകി. തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർഥം തളിച്ചതോടെ പതിനാലാമത് പൊങ്കാല മഹോത്സവം സമ്പൂർണമായി.