ജർമനിയിൽ പരുമല പെരുനാൾ ആഘോഷിച്ചു
Monday, November 7, 2016 10:20 AM IST
കൊളോൺ: പരുമല തിരുമേനിയുടെ 114–ാമത് ഓർമപെരുന്നാൾ ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോൺ–ബോൺ ഇടവകയുടെ ആഭിമുഖ്യത്തിൽ കൊളോണിലെ സെന്റ് അഗസ്റ്റിനർ ആശുപത്രി ദേവാലയത്തിൽ നവംബർ അഞ്ച്, ആറ് തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

അഞ്ചിന് വൈകുന്നേരം 5.30 ന് സന്ധ്യാനമസ്കാരവും തുടർന്നു നടന്ന വചനപ്രഘോഷണം ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് നിർവഹിച്ചു.

ആറിന് രാവിലെ 10ന് ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യകാർമികത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, മധ്യസ്‌ഥപ്രാർഥന എന്നിവയെ തുടർന്ന് പ്രദക്ഷിണവും നേർച്ചവിളമ്പും സ്നേഹവിരുന്നും നടന്നു. റോമിലെ ഗ്രിഗോറിയോസ് യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തുന്ന ഫാ.വിനു വർഗീസ് സഹകാർമികനായിരുന്നു. ആഘോഷങ്ങളിൽ പങ്കെടുത്തവർക്ക് ഇടവക സെക്രട്ടറി ജോൺ കൊച്ചുകണ്ടത്തിൽ നന്ദി പറഞ്ഞു. ആത്മീയ ശുശ്രൂഷകളിൽ പങ്കുചേരാനും വിശുദ്ധന്റെ മധ്യസ്‌ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ എത്തിയിരുന്നു.

തോമസ് പഴമണ്ണിൽ (ട്രസ്റ്റി) ഇടവക സെക്രട്ടറി ജോൺ കൊച്ചുകണ്ടത്തിൽ, രാജൻ കണ്ണംമണലിൽ, ജിത്തു കുര്യൻ,ശോശാമ്മ മത്തായി തുടങ്ങിയവർ പെരുന്നാളിന് നേതൃത്വം നല്കി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ