ജർമനിയിലും ഫ്രാൻസിലും കുർദുകളുടെ പ്രകടനം
Monday, November 7, 2016 10:20 AM IST
ബർലിൻ: പടിഞ്ഞാറൻ ജർമൻ നഗരമായ കൊളോണിൽ തുർക്കി പ്രധാനമന്ത്രി റജബ് തയ്യിബ് എർദോഗനെതിരേ പ്രതിഷേധ പ്രകടനം. കുർദ് വിഭാഗമാണ് പ്രകടനം സംഘടിപ്പിച്ചത്.

തുർക്കി ജയിലിടച്ചിരിക്കുന്ന കുർദ് അനുകൂല രാഷ്ര്‌ടീയ നേതാക്കളെ മോചിപ്പിക്കണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം. ഏകദേശം 6500 പേർ പ്രകടനത്തിൽ പങ്കെടുത്തുവെന്ന് കൊളോൺ പോലീസ്. എന്നാൽ, പതിനയ്യായിരം പേർ പങ്കെടുത്തെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

കുർദിഷ് നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കുന്നതിൽ യൂറോപ്യൻ യൂണിയനും യുഎസും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പാരീസ് അടക്കമുള്ള നഗരങ്ങളിലും പ്രകടനങ്ങൾ അരങ്ങേറി.

ഇതിനിടെ തുർക്കിയിൽ കുർദ് അനുകൂല പ്രതിപക്ഷ പാർട്ടി നേതാക്കളുൾപ്പെടെ 11 എംപിമാർ അറസ്റ്റിലായി. തീവ്രവാദ ബന്ധമാരോപിച്ചാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളായ സലാഹുദ്ദീൻ ദിമിർതാഷിനെയും ഫൈജൻ യൂക് സെക്ദാഗിനെയും അറസ്റ്റ് ചെയ്തത്. രാജ്യത്തെ മൂന്നാമത്തെ വലിയ പാർട്ടിയാണിത്.

ദിയാർബകിറിലെ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തതായി അനദൊലു പത്രം റിപ്പോർട്ട് ചെയ്തു. ഇരുവർക്കുമെതിരെ മാസങ്ങളായി അന്വേഷണം നടന്നുവരികയായിരുന്നു. ‘കുർദിഷ് ഒബാമ’ എന്നാണ് ദിമിർതാഷ് അറിയപ്പെടുന്നത്.

തുർക്കിയിലെ വംശീയ ന്യൂനപക്ഷ വിഭാഗമായ കുർദുകൾ സ്വയംഭരണമാവശ്യപ്പെട്ട് വർഷങ്ങളായി പോരാടുകയാണ്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി കുർദുകളെ കൂട്ടുപിടിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തിയതായും ആരോപണമുയർന്നിരുന്നു. ജൂലൈയിലെ സൈനിക അട്ടിമറിക്കു ശേഷം തുർക്കിയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ