ഏഴാമത് യുക്മ ദേശീയ കലാമേള കൊടിയിറങ്ങി; മിഡ്ലാൻഡ്സ് റീജൺ ചാമ്പ്യന്മാർ
Monday, November 7, 2016 8:36 AM IST
ലണ്ടൻ: യുകെ മലയാളികൾക്ക് ആഘോഷ രാവ് സമ്മാനിച്ച് യുക്മയുടെ ഏഴാമത് ദേശീയ കലാമേള വാർവിക്കിൽ കൊടിയിറങ്ങി. നവംബർ അഞ്ചിന് രാവിലെ 11ന് ആരംഭിച്ച മത്സരങ്ങൾ പാതിരാത്രിയോടെയാണ് സമാപിച്ചത്. രാവിലെ എട്ടോടെ ഒഎൻവി നഗറിലേയ്ക്ക് ആരംഭിച്ച സന്ദർശക പ്രവാഹം വൈകുന്നേരം വരെ നീണ്ടു.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ മിഡ്ലാൻഡ്സ് റീജൺ വ്യക്‌തമായ മേധാവിത്വത്തോടെ കലാമേളയുടെ വിജയകിരീടം സ്വന്തമാക്കി. മിഡ്ലാൻഡ്സ് റീജണിലെ സ്റ്റഫോർഡ് ഷയർ മലയാളി അസോസിയേഷൻ (എസ്എംഎ), ബർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി (BCMC) എന്നീ സംഘടനകൾ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി പങ്കിട്ടു.

ഈസ്റ്റ് ആംഗ്ലിയ റീജണിലെ ബാസിൽഡണിൽ നിന്നുള്ള സ്നേഹ സജി കലാതിലക പട്ടവും നോർത്ത് വെസ്റ്റ് റീജണിലെ ലിവർപൂൾ മലയാളി അസോസിയേഷനിൽ നിന്നുള്ള ആലിക്ക് മാത്യു കലാപ്രതിഭ പട്ടവും ഗ്ലൂസ്റ്റർ മലയാളി അസോസിയേഷനിൽ നിന്നുള്ള സാന്ദ്ര ജോഷി ഭാഷാ കേസരി പട്ടവും സ്വന്തമാക്കി.

കിഡ്സ് വിഭാഗത്തിൽ ദിയ ബൈജു, സബ് ജൂണിയർ വിഭാഗത്തിൽ റിയ സജിലാൽ, ജൂണിയർ വിഭാഗത്തിൽ സ്നേഹ സജി, സീനിയർ വിഭാഗത്തിൽ അർച്ചന സജിൻ എന്നിവരാണ് വ്യക്‌തിഗത ചാമ്പ്യന്മാർ.

റിപ്പോർട്ട്: അനീഷ് ജോൺ