പരുമല തിരുമേനിയുടെ ഓർമപെരുന്നാളിന് കൊടിയേറി
Wednesday, November 2, 2016 9:18 AM IST
മെൽബൺ: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും മെൽബൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്ലേയ്റ്റൺ സൗത്തിൽ സ്‌ഥിതി ചെയ്യുന്ന സെന്റ് ഗ്രിഗോറിയോസ് ചാപ്പലിന്റെ കാവൽ പിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 114– ാമത് ഓർമപെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. പ്രദീപ് പൊന്നച്ചൻ കൊടിയേറ്റു കർമം നിർവഹിച്ചു.

നവംബർ അഞ്ച്, ആറ് (ശനി, ഞായർ) തീയതികളിലാണ് തിരുനാളാഘോഷം. ശനി വൈകുന്നേരം 6.30ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് ഇമ്മാനുവൽ മാർത്തോമ പള്ളി വികാരി ഫാ. വർഗീസ് ചെറിയാൻ വചനപ്രഘോഷണം നടത്തും. തുടർന്ന് ആഘോഷമായ പ്രദക്ഷിണം, ആശീർവാദം, കൈമുത്തൽ, നേർച്ച വിതരണം, ലഘുഭക്ഷണം എന്നിവ നടക്കും.

ഞായർ രാവിലെ എട്ടിന് പ്രഭാത നമസ്കാരവും 8.45 ന് വിശുദ്ധ കുർബാനയും പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും ആശീർവാദവും നേർച്ച വിതരണവും നടക്കും. തുടർന്ന് വഴിവാട് സാധനങ്ങളുടെ ലേലവും നടക്കും. സ്നേഹവിരുന്നോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

ചടങ്ങുകൾക്ക് ഫാ. പ്രദീപ് പൊന്നച്ചൻ, അസിസ്റ്റന്റ് വികാരി ഫാ. സജു ഉണ്ണൂണ്ണി, ട്രസ്റ്റി എം.സി. ജേക്കബ്, സെക്രട്ടറി ജിബിൻ മാത്യൂ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ മറ്റ് സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.