മലയാള ഭാഷാ ദിനവും കേരളപിറവി ദിനാഘോഷവും നവംബർ ഒന്നിന്
Friday, October 28, 2016 6:11 AM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേരളപിറവി ആഘോഷങ്ങളുടെ ഭാഗമായി നവംബർ ഒന്നിന് (ചൊവ്വ) മലയാള ഭാഷാ ദിനമായി ആചരിക്കുന്നു. ആർ.കെ.പുരം സെക്ടർ4 ലെ ഡിഎംഎ സാംസ്കാരിക കേന്ദ്രത്തിൽ വൈകുന്നേരം ആറിനാണ് ആഘോഷ പരിപാടികൾ.

ഡിഎംഎ പ്രസിഡന്റ് സി. കേശവൻകുട്ടി അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി, ബിർള സ്കൂൾ മുൻ പ്രിൻസിപ്പാൾ ആഷാ നായർ എന്നിവർ വിശിഷ്‌ടാതിഥികളായിരിക്കും. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി എൻ.സി.ഷാജി, ട്രഷറർ പി. രവീന്ദ്രൻ, ജോയിന്റ് ട്രഷറർ മലയാള ഭാഷാ പഠന ദിനം കൺവീനറുമായ എ. മുരളീധരൻ, ഇന്റേണൽ ഓഡിറ്റർ സി.ബി. മോഹനൻ എന്നിവർ പങ്കെടുക്കും.

ചടങ്ങിൽ ഡിഎംഎയുടെ മലയാള ഭാഷ പഠന കേന്ദ്രങ്ങളിലെ അധ്യാപകരെ ആദരിക്കും. ഡിഎംഎയുടെ വിവിധ മലയാള ഭാഷ പഠന കേന്ദ്രങ്ങളിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. അത്താഴ വിരുന്നോടെ ആഘോഷ പരിപാടികൾ സമാപിക്കുമെന്ന് ജനറൽ സെക്രട്ടറി സി. ചന്ദ്രൻ അറിയിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി