ഫിലഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരളാഫോറം കേരളദിനാഘോഷം നവംബർ അഞ്ചിന്
Friday, October 28, 2016 6:05 AM IST
ഫിലഡൽഫിയ: മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബർ അഞ്ചിന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി ഒമ്പതു വരെ നോർത്ത് ഈസ്റ്റ് ഫിലഡൽഫിയായിലെ അസൻഷൻ ചർച്ച് ഓഡിറ്റോറിയത്തിൽ (10171 നോർത്ത് ഈസ്റ്റ് അവന്യു) കേരള ദിനാഘോഷം കൊണ്ടാടുന്നു.

ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹില്ലരി–ട്രംപ് ഡിബേറ്റിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളും പ്രതിനിധികളും പങ്കെടുക്കും. ഇന്ത്യ പ്രസ്ക്ലബ് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ജോബി ജേർജ്, സെക്രട്ടറി ജോർജ് ഓലിക്കൽ എന്നിവർ മോഡറേറ്റർമാരായിരിക്കും. തുടർന്ന് ‘നഷ്പ്പെടുന്ന മലയാളം’ എന്ന വിഷയത്തെ ആസ്പദമാക്കി ജോർജ് നടവയലും അശോകൻ വേങ്ങാശേരിയും നയിക്കുന്ന സെമിനാറും അരങ്ങേറും.

വൈകുന്നേരം അഞ്ചിന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. ചടങ്ങിൽ അമേരിക്കയിലെ മലയാള മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് ട്രൈസ്സ്റ്റേറ്റ് കേരളാഫോറം അവാർഡ് സീനിയർ പത്രപ്രവർത്തകനായ ജോർജ് തുമ്പയിലിന് സമ്മാനിക്കും. തുടർന്നു നടക്കുന്ന പരിപാടികൾക്ക് അനൂപ് ജോസഫ് നേതൃത്വം നൽകും.

പരിപാടികളുടെ വിജയത്തിനായി ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയർമാൻ ഫീലിപ്പോസ് ചെറിയാന്റെ നേതൃത്വത്തിൽ തോമസ് പോൾ (ജനറൽ സെക്രട്ടറി), സുരേഷ് നായർ (ട്രഷറർ), ജോർജ് ഓലിക്കൽ കേരള ഡേ ചെയർമാൻ), അനൂപ് ജോസഫ് (കൾചറൽ പ്രോഗ്രാം), തമ്പി ചാക്കോ, ജോബി ജോർജ്, അലക്സ് തോമസ്, ജീമോൻ ജോർജ്, രാജൻ സാമുവൽ, റോണി വർഗീസ,് സജി കരിംകുറ്റിയിൽ, മോഡി ജേക്കബ്, ജോർജ് നടവയൽ തുടങ്ങിയവർ പ്രവർത്തിച്ചുവരുന്നു.