ഹൂസ്റ്റനിൽ കോറസ് പീറ്ററിന്റെ സംഗീത വിദ്യാലയം
Friday, October 28, 2016 1:58 AM IST
ഹൂസ്റ്റൻ: അടുത്ത കാലത്ത് അമേരിക്കയിലേക്ക് കുടിയേറിയ കൊച്ചി സ്വദേശിയായ പ്രശസ്ത ഗായകനും സംഗീത വിദഗ്ധനുമായ കോറസ് പീറ്റർ ടെക്സസിലെ ഹൂസ്റ്റനിൽ നവംബർ ആദ്യവാരത്തോടെ വിവിധ സംഗീത ക്ലാസുകൾക്ക് തുടക്കം കുറിക്കും. ക്ലാസിക്കൽ സംഗീതം, ലളിത സംഗീതം തുടങ്ങിയ ഇനങ്ങളിൽ പ്രത്യേക ക്ലാസുകളും സെഷനുകളുമുണ്ടാകും.

നിരവധി ക്രിസ്തീയ ഗാനങ്ങളും, ഹിന്ദു ഭക്‌തി ഗാനങ്ങളും മുസ്ലീം മാപ്പിള പാട്ടുകളും, നാടക ഗാനങ്ങളും റിക്കാർഡ് ചെയ്തിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ 100 നാടകഗാനങ്ങൾ, മമകേരളം, ക്രിസ്തു എനിക്കൊരു ആത്മസ്പർശം എന്നിവയാണ് പുതിയ സിഡികൾ. ജെറി അമൽദേവിന്റെ ഈണത്തിൽ കോറസ് പീറ്റർ പാടിയിട്ടുള്ള നിർമലമായൊരു ഹൃദയമെന്നിൽ.... നിർമ്മിച്ചരുളുക എന്ന ഗാനം ക്രിസ്തീയ ഗാനശാഖയിൽ വളരെ പ്രസിദ്ധമാണ്. യേശുദാസ്, ജയചന്ദ്രൻ, എസ്. ജാനകി, കെ.എസ്. ചിത്ര എന്നിവരോടൊപ്പമെല്ലാം പാടിയിട്ടുള്ള കോറസ് പീറ്ററിനെ ഈ കഴിഞ്ഞ ഓണത്തിന് തൃക്കാക്കര നഗരസഭ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. ഹ്യൂസ്റ്റനിലെ അദ്ദേഹത്തിന്റെ സംഗീത ക്ലാസുകളെപ്പറ്റി കൂടുതൽ അറിയാൻ 281–818–2738 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: എ.സി. ജോർജ്